കോള്‍മുറിയല്‍; ജനുവരി 6 വരെ കര്‍ശന നടപടിയില്ല

ന്യൂഡല്‍ഹി: ഫോണ്‍കോള്‍ മുറിയല്‍ പ്രശ്‌നത്തില്‍ ടെലികോം കമ്പനികള്‍ക്കെതിരേ ജനുവരി 6 വരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ഡല്‍ഹി ഹൈക്കോടതിയെ ബോധിപ്പിച്ചു. കോള്‍മുറിയലിന് പിഴ ചുമത്തിക്കൊണ്ടുളള അതോറിറ്റിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ടെലഫോണ്‍ കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ തുടര്‍വിചാരണ ജനുവരി ആറിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ട്രായിയുടെ വിശദീകരണം.
ചിഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ്, എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എന്നാല്‍ കോള്‍മുറിയലിന്റെ നിയന്ത്രണങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഓരോ കോള്‍മുറിയലിനും ഒരു രൂപ വീതം പിഴയൊടുക്കണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ ഒക്ടോബര്‍ 16ലെ ഉത്തരവിനെയാണ് കമ്പനികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഇന്ത്യന്‍ സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ യൂനിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കൊപ്പം വോഡഫോണ്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ 21 കമ്പനികളാണ് കോടതിയെ സമീപിച്ചത്. 100 ശതമാനവും കോള്‍മുറിയല്‍ ഒഴിവാക്കുവാന്‍ സാധിക്കുകയില്ലെന്നാണ് അവരുടെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കമ്പനികള്‍ക്കു വേണ്ടി ഹാജരായത്. കമ്പനികള്‍ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയാണ് അതോറിറ്റി പിഴ വിധിച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാല്‍, അതോറിറ്റി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ടെലികോം കമ്പനികള്‍ അടക്കമുളള ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണെന്നും അതിനാല്‍ ഹരജിയില്‍ ഇടക്കാലവിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it