Thrissur

കോളജ് ഓഫ് ഫുഡ് ടെക്‌നോളജി ഉദ്ഘാടനം ചെയ്തു

ചാലക്കുടി: കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് ഓഫ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ തുമ്പൂര്‍മുഴിയില്‍ സ്ഥാപിച്ചിട്ടുളള കോളേജ് ഓഫ് ഫുഡ് ടെക്‌നോളജി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ബി.ടെക് കോഴ്‌സിനാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടുളളത്. കോളജിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോളജില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിക്കും. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. എന്നാല്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ ആരംഭിച്ച പുതിയ സംരഭം ഈ മേഖലയില്‍ വലിയ വളര്‍ച്ചയ്ക്ക് വഴി തുറക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് അധ്യക്ഷനായിരുന്നു. വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് കിഴില്‍ പുതുതായി ആരംഭിച്ച ഇ-വെറ്റ്-കണക്ട് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 24 മണിക്കൂറും മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുളളതാണ് പദ്ധതി. ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക ഉത്പന്നപ്രദര്‍ശന ഉദ്ഘാടനം ബി ഡി ദേവനി എം.എല്‍.എ. നിര്‍വ്വഹിച്ചു. പി എ മാധവന്‍ എം.എല്‍.എ., വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി വര്‍ഗീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് പ്രിയവിനയന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it