thrissur local

കോളജിന്റെ മനോഹാരിത കാന്‍വാസില്‍ പകര്‍ത്തി കളറിങ് കേരളവര്‍മ'

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ്മ കോളജിന്റെ മനോഹാരിത കാന്‍വാസില്‍ പകര്‍ത്തി കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളും ചിത്രകാരന്‍മാരും ചേര്‍ന്നൊരുക്കിയ 'കളറിങ് കേരളവര്‍മ്മ' ഓര്‍മ്മകളുടേയും ഭാവനകളുടേയും സമ്പന്നലോകമൊരുക്കി. കേരളവര്‍മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പള്‍സ് കോളജ് കാംപസില്‍ സംഘടിപ്പിച്ച 'കളറിങ് കേരളവര്‍മയില്‍ പൂര്‍വ വിദ്യാര്‍ഥികളും ചിത്രകാരന്‍മാരും കുട്ടികളുമടക്കം നൂറോളം പേരാണ് പങ്കെടുത്തത്.
ലോക പ്രശസ്ത ചിത്രകാരന്‍ വി എന്‍ ജ്യോതിബാസ് കാന്‍വാസില്‍ ചിത്രരചന നിര്‍വഹിച്ചാണ് 'കളറിങ് കേരളവര്‍മ്മ'യ്ക്ക് തുടക്കം കുറിച്ചത്.
ചിത്രരചനയ്‌ക്കെത്തിയ കലാകാരന്‍മാര്‍, നീണ്ട കാന്‍വാസില്‍ മലയാള അക്ഷരങ്ങള്‍ കുറിച്ച് കേരളത്തിന്റെ പ്രിയ കവി ഒ എന്‍ വി കുറുപ്പിന് അക്ഷരാഞ്ജലികള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് കാംപസിന്റെ വിവിധ കോണുകളിലിരുന്ന് ചിത്രകാരന്‍മാര്‍ തങ്ങളുടെ മനസിലെ കേരളവര്‍മ്മ കോളജിനെ കാന്‍വാസില്‍ പകര്‍ത്തി.
പള്‍സ് കേരളവര്‍മാ സംഘടന കോളജിലെ ഓര്‍മകളും അനുഭവകുറിപ്പുകളുമെല്ലാമായി പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്താനായാണ് വിവിധ ചിത്രകാരന്‍മാരുടെ ഭാവനകള്‍ പകര്‍ത്തുന്നത്.
പള്‍സ് കേരളവര്‍മ കണ്‍വീനര്‍ അബ്ദുള്‍ റസാക്ക്, ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്, മണിലാല്‍, കെ ആര്‍ബീന, സദാനന്ദന്‍, സഞ്ജുമാധവ്, പുഷ്പാംഗദന്‍, ടി വി ബാലകൃഷ്ണന്‍, ലതാദേവി, സി കെ സുമ പങ്കെടുത്തു. തൃശൂരിലെ മൈന്റ് സ്‌കേപ്പ് സംഘടനയുടെ സഹകരണത്തോടെയാണ് 'കളറിങ് കേരളവര്‍മ' സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it