thiruvananthapuram local

കോര്‍പറേഷന് മുന്നില്‍ കരാറുകാരുടെ സമരം: കോര്‍പറേഷനെ മെരുക്കാന്‍ പണി പൂര്‍ത്തിയാക്കാതെ കരാറുകാര്‍

തിരുവനന്തപുരം: കുറവന്‍കോണം മാര്‍ക്കറ്റ് നിര്‍മാണ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോര്‍പറേഷന് മുന്നില്‍ കരാറുകാര്‍ നടത്തിയ സമരത്തില്‍ നേരിയ സംഘര്‍ഷം.
സമരക്കാരും പൊലീസുമായുള്ള ഉന്തിലും തള്ളിലുമാണ് സംഘര്‍ഷമുണ്ടായത്. കോര്‍പറേഷന്‍ ആസ്ഥാന ഓഫിസ് വളപ്പിന് പുറത്ത് സമരം നടത്തണമെന്ന പൊലീസിന്റെ ആവശ്യം ചെവിക്കൊള്ളാത്തതാണ് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണം. കൗണ്‍സില്‍ ഹാളിലേക്ക് കടക്കുന്ന വാതിലിന് മുന്നിലാണ് കരാറുകാര്‍ സമരം നടത്തിയത്. കോണ്‍ട്രാക്ടേഴ്‌സ് യൂനിയന്‍, സിറ്റി കോര്‍പറേഷന്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, നഗരസഭ കോണ്‍ട്രാക്ടേഴ്‌സ് യൂനിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. കോണ്‍ട്രാക്ടേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് ചാല മോഹനന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ കാലടി അധ്യക്ഷത വഹിച്ചു. അതേസമയം, ക്രമക്കേട് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് നിര്‍മാണത്തിന്റെ ബില്‍ തുക നല്‍കാത്ത വൈരാഗ്യത്തില്‍ ഏറ്റെടുത്ത മറ്റു പണികള്‍ ചെയ്യാതെ കോര്‍പറേഷനെ വരുതിയില്‍ നിര്‍ത്താന്‍ കരാറുകാരന്‍ശ്രമിക്കുന്നതായി ആരോപണമുണ്ട്. മാലിന്യം സംസ്‌കരിക്കാന്‍ കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ എയ്‌റോബിക് ബിന്നുകളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടും പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പകരം വീട്ടുന്നതായാണ് ആരോപണം. അതേസമയം ഏറ്റെടുത്ത മുഴുവന്‍ മരാമത്ത് പണികളും നിര്‍ത്തിവച്ച് സമരം നടത്താന്‍ ഒരുങ്ങുകയാണു കരാറുകാര്‍. ഇന്ന് കരാറുകാരെ ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് മേയര്‍ വിളിച്ചിട്ടുണ്ട്. കരാറുകാരുടെ ഒരോ സംഘടനയില്‍നിന്നും രണ്ടുപേരെ വീതമാണു ചര്‍ച്ചയക്ക് വിളിച്ചിട്ടുള്ളത്. അസി. എഞ്ചിനീയര്‍മാരെ മര്‍ദിച്ച കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. കുറവന്‍കോണം മിനി കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കരാറുകാരുടെ ആവശ്യം. രണ്ടു കൂട്ടരും തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനിന്നാല്‍ ചര്‍ച്ച മുന്നോട്ടു പോകാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കരാറുകാര്‍ രണ്ട് അസി. എഞ്ചിനീയര്‍മാരെ മര്‍ദിച്ചെന്ന് ആരോപണമുയര്‍ന്നത്. തുടര്‍ന്ന് എഞ്ചിനീയറിങ് വിഭാഗത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പണിമുടക്കി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it