kannur local

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ബഹളമയം

കണ്ണൂര്‍: ബജറ്റിന് മുന്നോടിയായി ചേര്‍ന്ന കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ബഹളം.
കോര്‍പറേഷന്‍ സെക്രട്ടറിക്കും സോണല്‍ ഓഫിസ് സെക്രട്ടറിമാര്‍ക്കുമെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. 24അജണ്ടകള്‍ക്കു പുറമേ സപ്ലിമെന്ററി അജണ്ടയും പൂര്‍ത്തിയാക്കാന്‍ മേയര്‍ പാടുപ്പെട്ടു. ഇതോടെ ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ യോഗം അവസാനിച്ചത് വൈകീട്ട് ആറോടെ. മിക്ക അജണ്ടകളിലും തര്‍ക്കമുയര്‍ന്നു.
പൂരപ്പറമ്പുപോലെ ചര്‍ച്ച നടത്തുന്നത് യോഗ നടപടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ഒ മോഹനന്‍ ഓര്‍മിപ്പിച്ചെങ്കിലും ഒരാളും ഗൗനിച്ചില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റിനെ കുറിച്ചായിരുന്നു ആദ്യബഹളം. ലിസ്റ്റ് പൂര്‍ണമല്ലെന്നും നിരവധിപേരെ പദ്ധതിക്ക് പുറത്താക്കിയതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ നിലവില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയ 5465 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും ഇതിന്റെ പരിശോധന പൂര്‍ത്തിയാക്കി വരുകയാണെന്നും മേയര്‍ അറയിച്ചു. വീണ്ടും പേരുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഭരണപക്ഷ അംഗങ്ങള്‍ അറിയിച്ചതോടെയാണ് ബഹളം രൂക്ഷമായത്.
അതേസമയം, പള്ളിക്കുന്ന് ഡിവിഷനില്‍ ഉള്‍പ്പെടുന്ന പയ്യാമ്പലം ശ്മശാനത്തെ ബോധപൂര്‍വം തകര്‍ക്കുന്ന നിലപാട് കോര്‍പറേഷന്‍ സെക്രട്ടറി സ്വീകരിക്കുന്നുതെന്ന് പി കെ രാകേഷ് തുറന്നടിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശ്മശാനവുമായി ബന്ധപ്പെട്ട ബില്ലുകള്‍ മാറിക്കിട്ടുന്നില്ല. ഇതോടെ ശ്മശാനത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സെക്രട്ടറിയെ നേരില്‍ കണ്ടപ്പോള്‍ മോശമായി പെരുമാറിയെന്നും രാഗേഷ് ആരോപിച്ചു. ബില്ലുകള്‍ രാവിലെ 11ഓടെ മാറിയില്ലെങ്കില്‍ സെക്രട്ടിയെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ഇതു ഭീഷണിയല്ലെന്നും ഒരു കൗണ്‍സിലറുടെ അവകാശമാണെന്നും രാകേഷ് പറഞ്ഞു.
മിക്ക സോണല്‍ ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുയര്‍ന്നു. കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരമില്ലാതെ ടെന്‍ഡര്‍ നടപടിയും ലേലവും നടത്തിയത് യാതൊരു നടപടിക്രമവും പാലിക്കാതെയാണെന്നും വീണ്ടും മേയറുടെ അനുമതി വാങ്ങുന്നതിനായി അജണ്ടമാറ്റിവെക്കാനും യോഗം തീരുമാനിച്ചു. 2016-17 വര്‍ഷത്തേക്ക് നഗരസഭയുടെ വസ്തുക്കള്‍ ലൈസന്‍സ് വ്യവസ്ഥയില്‍ ഏല്‍പിച്ച് കൊടുക്കുന്നതിനു നടത്തിയ ലേലവും ടെന്‍ഡര്‍ നടപടിയുമാണ് കൗണ്‍സില്‍ യോഗം അംഗീകരിക്കാതെ മാറ്റിയത്. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പൊതുപരിപാടികള്‍ക്കു പോവുന്നത് സ്‌കൂട്ടറിലും മറ്റുമാണെന്നും അഡ്വ. ഇന്ദിര പറഞ്ഞു. മറ്റ് സോണലുകളില്‍ നിന്ന് വാഹനം ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന് മേയര്‍ യോഗത്തെ അറിയിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്റെ പുതിയ ലോഗോ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ചു. ചിത്രകാരന്‍ എബി എന്‍ ജോസഫ്, കെ കെ മാരാര്‍ എന്നിവരടങ്ങിയ ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it