thiruvananthapuram local

കോര്‍പറേഷനു കീഴില്‍ പുതുതായി 8 അക്ഷയകേന്ദ്രങ്ങള്‍ കൂടി വരുന്നു

തിരുവനന്തപുരം: കോര്‍പറേഷനു കീഴില്‍ 2015-16 സാമ്പത്തിക വര്‍ഷം പുതുതായി 8 ഇടങ്ങളില്‍ കൂടി അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു. നിലവില്‍ കോര്‍പറേഷന്റെ കീഴില്‍ 35 അക്ഷയകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
എട്ടെണ്ണം കൂടി ആരംഭിക്കുന്നതോടെ ഇത് 43 ആവും. പുതുതായി തുടങ്ങുന്ന 8 ല്‍ ഒരെണ്ണം എസ്‌സി വിഭാഗത്തിനാണ് ലഭിച്ചിരിക്കുന്നത്. പോങ്ങുംമൂടുള്ള അക്ഷയകേന്ദ്രമാണ് എസ്‌സി വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കുന്നത്. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഒരു ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ 4ഉം മുനിസിപാലിറ്റിയുടെ പരിധിയില്‍ 6ഉം അക്ഷയകേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായും ഭരണസമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുമാണ് അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കുന്നത്.
2 അക്ഷയകേന്ദ്രങ്ങള്‍ തമ്മില്‍ 2 കി.മീ ദൂരപരിധിയാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഒരു ത്രിതല തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അക്ഷയസംരഭകരെ തിരഞ്ഞെടുക്കുന്നത്. ആപ്ലിക്കേഷന്‍ സ്‌ക്രീനിങ്, എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയാണ് അവ. പ്ലസ്- ടുവോ തത്തുല്യയോഗ്യതയോ ഉള്ള 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്. അക്ഷയകേന്ദ്രം ആരംഭിക്കുന്നതിന് കുറഞ്ഞത് 300 ചതുരശ്ര അടി ചുറ്റളവുള്ള ഒരു മുറിയും 3 കംപ്യൂട്ടറും അനുബന്ധസാമഗ്രികളും സംരംഭകന് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അതേസമയം, പട്ടികജാതി-വര്‍ഗ വിഭാഗത്തിന് ഇക്കാര്യത്തില്‍ പ്രത്യേക ഇളവ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംരംഭക അപേക്ഷകര്‍ക്ക് 20 ശതമാനം അധികം മാര്‍ക്കാണ് നല്‍കുക. ഇതുകൂടാതെ ആപ്ലിക്കേഷന്‍ സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് ആകെ ലഭിച്ച മാര്‍ക്കിന്റെ 10 ശതമാനം അധികവും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
Next Story

RELATED STORIES

Share it