കോര്‍പറേഷനുകള്‍ക്ക് കെജ്‌രിവാള്‍ 551 കോടി വായ്പ പ്രഖ്യാപിച്ചു

ബംഗളൂരു/ന്യൂഡല്‍ഹി: ശുചീകരണ തൊഴിലാളികളുടെ പണിമുടക്ക് നടക്കുന്ന രണ്ടു മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 551 കോടി രൂപയുടെ വായ്പ പ്രഖ്യാപിച്ചു. മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍മാരും ഡല്‍ഹി സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് വായ്പ നല്‍കുന്നത്. ജനുവരി 31വരെയുള്ള ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനാണ് വായ്പ അനുവദിച്ചത്.
മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കെജ്‌രിവാള്‍ വായ്പ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നടക്കുന്ന വ്യാപകമായ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബംഗളൂരുവില്‍ പ്രകൃതി ചികില്‍സയ്ക്കു വിധേയമാവുന്ന കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കോര്‍പറേഷനുകള്‍ക്ക് തന്റെ സര്‍ക്കാര്‍ ഒരു സംഖ്യയും കൊടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
10 വര്‍ഷമായി ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കോര്‍പറേഷനുകളിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഡല്‍ഹി സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. അരുണാചല്‍പ്രദേശില്‍ നടപ്പാക്കിയതുപോലെ കേന്ദ്രം ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നു ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെജ്‌രി—വാള്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it