kannur local

കോര്‍പറേഷനില്‍ ഭരണമാറ്റ സാധ്യതയേറി; രാഗേഷ് യുഡിഎഫിന്റെ ഭാഗമാവും

കണ്ണൂര്‍: മാസങ്ങള്‍ നീണ്ട രാഷ്ട്രീയവിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കോണ്‍ഗ്രസ് വിമതകൗണ്‍സിലര്‍ പി കെ രാഗേഷ് സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിലയുറപ്പിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണമാറ്റത്തിനു സാധ്യതയേറി. ഇന്നലെ നടന്ന സ്ഥിരംസമിതി വോട്ടെടുപ്പില്‍ ആകെയുള്ള എട്ടില്‍ ഏഴു സ്ഥിരംസമിതി സ്ഥാനവും യുഡിഎഫിനു ലഭിക്കുന്ന വിധത്തിലായി.
പി കെ രാഗേഷ് എല്ലാ സ്ഥാനത്തേക്കും വോട്ട് ചെയ്തതാണ് യുഡിഎഫിനു തുണയായത്. എന്നാല്‍ ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്കുള്ള വനിതാ അംഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ മുസ്‌ലിം ലീഗിലെ സി എറമുള്ളാന്റെ വോട്ട് അസാധുവായി. ഇതോടെ തുല്യവോട്ട് ലഭിക്കുകയും എല്‍ഡിഎഫിലെ ഇ ബീന തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സ്ഥാനത്തേക്കു മാത്രമാണ് എല്‍ഡിഎഫിനു മേല്‍ക്കൈ നേടാനായത്. ലീഗിലെ പി ഷംനയ്ക്കാണ് നറുക്കെടുപ്പില്‍ ഭാഗ്യം ലഭിക്കാതെ പോയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ഓടെ ഡിസിസി ഓഫിസില്‍ പി കെ രാഗേഷും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനും കെ സുധാകരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഗേഷ് തന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ചതോടെ ചില ഉപാധികളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിച്ചു.
പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ തന്നെയും അനുയായികളെയും വേട്ടയാടിയ ടൗണ്‍ എസ്‌ഐ സനല്‍കുമാറിനെയും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രനെയും സ്ഥലം മാറ്റിയ ഉത്തരവ് കഴിഞ്ഞ ദിവസം തന്നെ പുറപ്പെടുവിക്കുകയായിരുന്നു. ഇക്കാര്യം കെപിസിസി ജനറല്‍ സെക്രട്ടറി മുഖേന രാഗേഷിനെ അറിയിച്ചതോടെയാണ് ഡിസിസി ഓഫിസില്‍ അനുരഞ്ജന ചര്‍ച്ചയ്‌ക്കെത്തിയത്. മൂവരും അര മണിക്കൂറിലേറെ നേരം ചര്‍ച്ച നടത്തി. രാഗേഷിനെയും ഒപ്പം പാര്‍ട്ടിനിന്നു പുറത്താക്കിയവരെയും തിരിച്ചെടുക്കുമെന്ന് ഉറപ്പുനല്‍കി. പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പുനസ്സംഘടനയെ കുറിച്ചു ഡിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നറിയിച്ചു. കോണ്‍ഗ്രസ് വഴങ്ങിയെന്നു ബോധ്യപ്പെട്ടതോടെ രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ 10.30ഓടെ തന്നെ സ്ഥിരംസമിതി തിരഞ്ഞെടുപ്പിനായി കൗണ്‍സിലര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. രാഗേഷ് യുഡിഎഫിനു പിന്തുണ അറിയിച്ചതിനാല്‍ എല്‍ഡിഎഫ് നേതാക്കളാരും എത്തിയിരുന്നില്ല. എന്നാല്‍ യുഡിഎഫിന്റെ ചില നേതാക്കളും പ്രവര്‍ത്തകരും കോര്‍പറേഷന്‍ ഹാളിലും പുറത്തുമായി തമ്പടിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലിസ് സുരക്ഷയുമൊരുക്കി. ഇതിനിടെ എത്തിയ പി കെ രാഗേഷിനെ കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, ലീഗ് നേതാവ് കെ പി താഹിര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. പിന്തുണ ഉറപ്പായതോടെ യുഡിഎഫ് ക്യാംപില്‍ ആശ്വാസം നിറഞ്ഞു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കൊപ്പമാണ് രാഗേഷിന്റെ ഇരിപ്പിടം. ആദ്യം തന്നെ ധനകാര്യ സ്ഥിരംസമിതിയിലെ വനിതയെയാണ് തിരഞ്ഞെടുക്കേണ്ടതെങ്കിലും ആരും നാമനിര്‍ദേശം ചെയ്യാത്തതിനാല്‍ മാറ്റിവച്ചു. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഡെപ്യൂട്ടി മേയര്‍ സി സമീറായതിനാല്‍ മറ്റു സമിതികളില്‍ ഉറപ്പിക്കുകയെന്ന തന്ത്രമാണു യുഡിഎഫ് സ്വീകരിച്ചത്. എഡിഎം ഒ മുഹമ്മദ് അസ്‌ലമായിരുന്നു വരണാധികാരി. കോര്‍പറേഷന്‍ സെക്രട്ടറി വി ജെ കുര്യനും ഒപ്പമുണ്ടായിരുന്നു.
വികസന സ്ഥിരംസമിതിയിലേക്കുള്ള വനിതാ അംഗ തിരഞ്ഞെടുപ്പില്‍ പി കെ രാഗേഷിന്റെ വോട്ട് ലഭിച്ചതോടെ യുഡിഎഫ് ക്യാംപില്‍ ആഹ്ലാദമുയര്‍ന്നു. രാഗേഷിന് ഒ രാധ ഹസ്തദാനം ചെയ്തതോടെ കാമറക്കണ്ണുകള്‍ മിന്നിമറിഞ്ഞു. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ക്ഷേമകാര്യത്തില്‍ യുഡിഎഫിനു ലഭിച്ചത്. ലീഗിലെ പി ഷംനയും എല്‍ഡിഎഫിലെ ഇ ബീനയും തമ്മിലായിരുന്നു മല്‍സരം.
ലീഗിലെ സി എറമുള്ളാന്റെ വോട്ട് അസാധുവായതോടെ ഇരുവര്‍ക്കും തുല്യവോട്ടായി. ചട്ടപ്രകാരം നറുക്കെടുത്തപ്പോള്‍ ഭാഗ്യം യുഡിഎഫിനെ കൈവിട്ടു. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ലീഗിനൊപ്പം നിന്ന ഭാഗ്യം ഇക്കുറി കൈവിട്ടു. ഇതോടെ എല്‍ഡിഎഫ് ക്യാംപില്‍ നേരിയ ആശ്വാസം ലഭിച്ചു. ആരോഗ്യ സ്ഥിരംസമിതിയില്‍ എല്‍ഡിഎഫിലെ എം കെ ഷാജിയുടെ വോട്ട് അസാധുവായെങ്കിലും ജയപരാജയം നിര്‍ണയിച്ചില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലെല്ലാം യുഡിഎഫില്‍ അസാധു ഇല്ലാതായതോടെ ജയം എളുപ്പമായി. സ്ഥിരംസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുക.
അഡ്വ. ടി ഒ മോഹനന്‍, അമൃത രാമകൃഷ്ണന്‍, പി കെ രാഗേഷ്, സി സീനത്ത്, വെള്ളോറ രാജന്‍, അഡ്വ. പി ഇന്ദിര തുടങ്ങിയവരെല്ലാം സ്ഥിരംസമിതി അധ്യക്ഷരാവാന്‍ സാധ്യതയേറി. നാലിനു രാവിലെ 11നാണു കോര്‍പറേഷന്റെ പ്രഥമ കൗണ്‍സില്‍ യോഗം ചേരുക.
Next Story

RELATED STORIES

Share it