Sports

കോപ അമേരിക്ക: നാലടിച്ച് അര്‍ജന്റീന സെമിയില്‍

കോപ അമേരിക്ക: നാലടിച്ച് അര്‍ജന്റീന സെമിയില്‍
X
Messi-played-a-delightful-pഫോക്‌സ്ബര്‍ഗ്: തകര്‍പ്പന്‍ ജയത്തോടെ 14 തവണ ചാംപ്യന്‍മാരായ അര്‍ജന്റീന കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന സെമി ഫൈനലിലേക്ക് മുന്നേറിയത്. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്. ഇതോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഒന്നാം സെമി ഫൈനലില്‍ അര്‍ജന്റീന ആതിഥേയരായ അമേരിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലി ശക്തരായ കൊളംബിയയെ എതിരിടും. ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് അര്‍ജന്റീന-അമേരിക്ക സെമി പോരാട്ടം. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് രണ്ടാം സെമി മല്‍സരം അരങ്ങേറുന്നത്. വെനിസ്വേലക്കെതിരേ അര്‍ജന്റീനയ്ക്കു വേണ്ടി ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇരട്ട ഗോള്‍ നേടി. കളിയുടെ എട്ട്, 28 മിനിറ്റുകളിലായിരുന്നു ഹിഗ്വയ്‌ന്റെ ഗോള്‍ നേട്ടം. സൂപ്പര്‍താരം ലയണല്‍ മെസ്സിയും എറിക് ലമേലയുമാണ് അര്‍ജന്റീനയുടെ മറ്റു സ്‌കോറര്‍മാര്‍. മെസ്സി 60ാം മിനിറ്റിലും ലമേല 71ാം മിനിറ്റിലുമാണ് നിറയൊഴിച്ചത്. Argentina's-Lionel-Messi-wa
പകരക്കാരനായിറങ്ങി നാല് മിനിറ്റുകള്‍ക്കകമാണ് ലമേല ലക്ഷ്യംകണ്ടത്. 70ാം മിനിറ്റില്‍ സലോമന്‍ റോന്‍ഡന്റെ വകയായിരുന്നു വെനീസ്വേലയുടെ ആശ്വാസ ഗോള്‍. 44ാം മിനിറ്റില്‍ വെനീസ്വേല താരം ലൂയിസ് മാന്വല്‍ സെയ്ജസിന്റെ പെനാല്‍റ്റി കിക്ക് അര്‍ജന്റീന ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ വിഫലമാക്കി. വെനിസ്വേലക്കെതിരായ ഗോള്‍ നേട്ടത്തോടെ അര്‍ജന്റീന ക്യാപ്റ്റനായ മെസ്സി മറ്റൊരു റെക്കോഡ് നേട്ടത്തിനൊപ്പമെത്തി. അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ മുന്‍ ഇതിഹാസ താരം ഗാബ്രിയേല്‍ ബാറ്റിസ്റ്റിയുട്ടയുടെ റെക്കോഡിനൊപ്പമാണ് മെസ്സിയെത്തിയത്. ഇരുവരും 54 ഗോളുകളാണ് രാജ്യത്തിനു വേണ്ടി നേടിയത്. 111 മല്‍സരങ്ങളില്‍ നിന്നാണ് മെസ്സി ബാറ്റിസ്റ്റിയുട്ടയുടെ ഗോള്‍ നേട്ടത്തിനൊപ്പമെത്തിയത്. എന്നാല്‍, 78 മല്‍സരങ്ങളില്‍ നിന്നാണ് ബാറ്റിസ്റ്റിയുട്ട 54 ഗോളുകള്‍ അടിച്ചുകൂട്ടിയത്. ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയ മെസ്സി മികച്ച പ്രകടനമാണ് അര്‍ജന്റീനയ്ക്കു വേണ്ടി നടത്തിയത്. മല്‍സരത്തില്‍ ഒരു ഗോള്‍ നേടുന്നതിനൊപ്പം രണ്ട് ഗോളുകള്‍ക്ക് വഴിമരുന്നിട്ട മെസ്സി കളിക്കളത്തില്‍ വീണ്ടും മനംകവരുകയായിരുന്നു. വെനിസ്വേലക്കെതിരേ പന്തടക്കത്തിലൂം ആക്രമിച്ചു കളിക്കുന്നതിലും ആധിപത്യം പുലര്‍ത്തിയ മെസ്സിയും കൂട്ടരും കിരീടഫേവറിറ്റുകളില്‍ തങ്ങള്‍ തന്നെയാണ് മുന്‍പന്തിയിലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it