Sports

കോപ അമേരിക്ക ഗ്രൂപ്പ് സി: മെക്‌സിക്കന്‍ കൊടുങ്കാറ്റ്

കോപ അമേരിക്ക ഗ്രൂപ്പ് സി: മെക്‌സിക്കന്‍ കൊടുങ്കാറ്റ്
X
Marquez-delivered-the-goods

അരിസോണ: കോപ അമേരിക്കയുട ഗ്രൂപ്പ് സിയിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ഉറുഗ്വേയ്ക്കു കനത്ത തോല്‍വി. കോണ്‍കകാഫ് മേഖലയിലെ വമ്പന്‍മാരായ മെക്‌സിക്കോ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഉറുഗ്വേയെ മുക്കുകയായിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ വെനിസ്വേല 1-0നു ജമൈക്കയെ മറികടന്നു.
അരിസോണയിലെ ഫോണിക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ മെക്‌സിക്കോ അര്‍ഹിച്ച ജയമാണ് ഉറുഗ്വേയ്‌ക്കെതിരേ സ്വന്തമാക്കിയത്. ഉറുഗ്വേ താരം അല്‍വാറോ പെരേരയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ മെക്‌സിക്കോ അവസാന അഞ്ചു മിനിറ്റിനിടെ രണ്ടു ഗോള്‍ കൂടി അടിച്ചെടുത്ത് ജയം ആധികാരികമാക്കുകയായിരുന്നു.
ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസ്, ഹെക്ടര്‍ ഹെരേര എന്നിവരാണ് മെക്‌സിക്കോയുടെ സ്‌കോറര്‍മാര്‍. ഡിയേഗോ ഗോഡിന്‍ ഉറുഗ്വേയുടെ ആശ്വാസഗോളിന് അവകാശിയായി.
തുടര്‍ച്ചയായി 20ാം മല്‍സരമാണ് മെക്‌സിക്കോ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ 10 ജയങ്ങളും ഇതിലുള്‍പ്പെടുന്നു.
ഫൗളുകള്‍ക്ക് ഒരു കുറവുമില്ലാതിരുന്ന മെക്‌സിക്കോ-ഉറുഗ്വേ കളിയില്‍ ഇരുടീമിലെയും ഓരോ താരങ്ങള്‍ വീതം ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഉറുഗ്വേ താരം മത്യാസ് വെസിനോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു കളംവിട്ടപ്പോള്‍ 73ാം മിനിറ്റില്‍ മെക്‌സിക്കോയുടെ ആന്ദ്രെസ് ഗ്വര്‍ഡാഡോയ്ക്കും റഫറി ര ണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കി.
സുവാറസില്ലാത്ത ഉറുഗ്വേ നനഞ്ഞ പടക്കമായി
ബാഴ്‌സലോണ ഗോളടിവീരനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ലൂയിസ് സുവാറസിന്റെ വില ഒരിക്കല്‍ക്കൂടി ഉറുഗ്വേ അറിഞ്ഞു. മെക്‌സിക്കോയ്‌ക്കെതിരായ മല്‍സരത്തില്‍ സുവാറസിന്റെ അഭാവം ഉറുഗ്വേ നിരയില്‍ പ്രകടമായിരുന്നു. പരിക്കു പൂര്‍ണമായി ഭേദമാവാത്തതിനാലാണ് താരത്തെ മല്‍സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയത്. സ്വന്തം ടീം എതിരാളികള്‍ക്കു മുന്നില്‍ വന്‍ തോല്‍വിയേറ്റുവാങ്ങുന്നത് സൈഡ് ബെഞ്ചില്‍ നിസ്സഹായനായി നോക്കിയിരിക്കാനേ സുവാറസിനായുള്ളൂ.
യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിനെത്തുടര്‍ന്ന് ട്രിനിഡാഡ് ആന്റ് ടൊബാഗോയ്‌ക്കെതിരായ കഴിഞ്ഞ സൗഹൃദ മല്‍സരം നഷ്ടമായ ഗോഡിനും ജോസ് മരിയ ജിമനെസും മടങ്ങിയെത്തിയത് ഉറുഗ്വേയ്ക്ക് അല്‍പ്പം ആശ്വാസമേകി.
മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ കളിയിലെ ആദ്യ മുന്നേറ്റം തന്നെ ഗോളാക്കി മാറ്റിയ മെക്‌സിക്കോ ഉറുഗ്വേയെ സ്തബ്ധരാക്കുകയായിരു ന്നു. സഹതാരം നല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച് ഇടതുമൂലയില്‍ നിന്നും ഗ്വര്‍ഡാഡോ തൊടുത്ത മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള പെരേരയുടെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. കോപയുടെ 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെല്‍ഫ് ഗോള്‍ കൂടിയായിരുന്നു ഇത്.
30ാം മിനിറ്റില്‍ ഉറുഗ്വേ ഒപ്പമെത്തേണ്ടതായിരുന്നു. നികോളാസ് ലൊദെയ്‌റോ നല്‍കിയ പാസില്‍ എഡിന്‍സന്‍ കവാനിയുടെ ഷോട്ട് മെക്‌സിക്കന്‍ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിച്ചു. ഒന്നാംപകുതിക്കു വിസില്‍ മുഴങ്ങാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കെ ഉറുഗ്വേയ്ക്ക് അടുത്ത പ്രഹരമേറ്റു. ജീസസ് കൊറോണയ്‌ക്കെതിരായ ഗുരുതരമായ ഫൗളിനെത്തുടര്‍ന്ന് വെസിനോയ്‌ക്കെതിരേ റഫറി രണ്ടാമതും മഞ്ഞക്കാര്‍ഡ് പുറത്തെടുക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ ഉറുഗ്വേ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 74ാം മിനിറ്റില്‍ ഗോഡിനിലൂടെ ഉറുഗ്വേ സമനില പിടിച്ചുവാങ്ങി. ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ കാര്‍ലോസ് സാഞ്ചസിന്റെ ഫ്രീകിക്ക് മിന്നുന്ന ഹെഡ്ഡറിലൂടെ ഗോഡിന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
മല്‍സരം സമനിലയില്‍ പിരിയുമെന്ന് കരുതിയെങ്കിലും അവസാന അഞ്ചു മിനിറ്റിനിടെ മെക്‌സിക്കോയുടെ മിന്നല്‍ പ്രകടനമാണ് കണ്ടത്. 85ാം മിനിറ്റില്‍ മാര്‍ക്വസിന്റെ തകര്‍പ്പന്‍ ഗോള്‍ മെക്‌സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. ബോക്‌സിനുള്ളില്‍ വച്ചാണ് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ മാര്‍ക്വസ് ലക്ഷ്യംകണ്ടത്.
ഇഞ്ചുറിടൈമില്‍ മെക്‌സിക്കോ ഗോള്‍പട്ടിക തികച്ചു. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ റൗള്‍ ജിമനെസ് നല്‍കിയ ക്രോസ് ഹെരേര ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ ഗോളാക്കുകയായിരുന്നു.
മാര്‍ട്ടിനസ് ഗോളില്‍ വെനിസ്വേല
ഗ്രൂപ്പ് സിയിലെ ചെറുടീമുകള്‍ തമ്മിലുള്ള മല്‍സരത്തിന്റെ വിധി നിര്‍ണയിച്ചത് ജോസഫ് മാര്‍ട്ടിനസായിരുന്നു. ജമൈക്കയ്‌ക്കെതിരായ മല്‍സരത്തില്‍ മാര്‍ട്ടിനസ് 15ാം മിനിറ്റില്‍ നേടിയ ഗോളാണ് വെനിസ്വേലയ്ക്കു വിലപ്പെട്ട ജയം സമ്മാനിച്ചത്.
24ാം മിനിറ്റില്‍ റുഡോള്‍ഫ് ഓസ്റ്റിന്‍ നേരിട്ടു ചുവപ്പ്കാര്‍ഡ് കണ്ടു പുറത്തായതിനെത്തുടര്‍ന്ന് 10 പേരുമായാണ് ജമൈക്ക മല്‍സരം പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it