Sports

കോപ അമേരിക്ക ഗ്രൂപ്പ് ഡി: അര്‍ജന്റീന കണക്കുതീര്‍ത്തു

കോപ അമേരിക്ക ഗ്രൂപ്പ് ഡി: അര്‍ജന്റീന  കണക്കുതീര്‍ത്തു
X
Di-Maria-celebrates-his-goa

കാലഫോര്‍ണിയ: കഴിഞ്ഞ വര്‍ഷത്തെ കോപ അമേരിക്കയുടെ ഫൈനലിലേറ്റ തോല്‍വിക്ക് അര്‍ജന്റീന ഇത്തവണ കണക്കുതീര്‍ത്തു. ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയി ല്ലാതെ തന്നെ നേടിയ ജയം അര്‍ജന്റീനയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും.
പിഎസ്ജി സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയുടെ മിന്നുന്ന പ്രകടനമാണ് അര്‍ജന്റീനയ്ക്കു വിജയം സമ്മാനിച്ചത്. ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു വഴിമരുന്നിടാനും ഡിമരിയക്കു കഴിഞ്ഞു. എവര്‍ ബനേഗയുടെ വകയായിരുന്നു അര്‍ജന്റീനയുടെ രണ്ടാംഗോള്‍.
എട്ടു മിനിറ്റിനിടെയാണ് രണ്ടു ഗോളുകള്‍ ചിലിയുടെ വലയിലാക്കി അര്‍ജന്റീന മല്‍സരം വരുതിയിലാക്കിയത്. ഇഞ്ചുറിടൈമില്‍ ജോസ് പെഡ്രോ ഫ്യുന്‍സാലിദ ചിലിയുടെ ഗോള്‍ മടക്കി.
തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ചിലിക്കെതിരേ അര്‍ജന്റീന വെന്നിക്കൊടി പാറിക്കുന്നത്. ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടി ല്‍ അര്‍ജന്റീന 2-1നു ചിലിയെ മറികടന്നിരുന്നു.
07-messi-injuredഗോളില്ലാതെ ആദ്യപകുതി
മെസ്സിയുടെ അഭാവത്തിലും മിന്നുന്ന പ്രകടനമാണ് കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീന കാഴ്ചവച്ചത്. മധ്യനിരയില്‍ ഡിമരിയയും ബനേഗയും കാണിച്ച ഒത്തിണക്കമാണ് അര്‍ജന്റീനയെ അപകടകാരികളാക്കിയത്. ഇടതുവിങ് കേന്ദ്രീകരിച്ച് ഈ സഖ്യം നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. മറുഭാഗത്ത് കൗണ്ടര്‍അറ്റാക്കുകളിലൂടെ ചിലിയും തിരിച്ചടിച്ചു.
രണ്ടാം മിനിറ്റില്‍ത്തന്നെ അര്‍ജന്റീന മുന്നിലെത്തേണ്ടതായിരുന്നു. ഡിമരിയയുടെ മനോഹരമായ ക്രോസില്‍ നിക്കോളാസ് ഗെയ്റ്റന്റെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ ചിലിയുടെ കൗണ്ടര്‍അറ്റാക്ക്. എന്നാല്‍ ബോക്‌സിനരികില്‍ നിന്ന് എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ ബ്ലോക്ക് ചെയ്തു.
24ാം മിനിറ്റില്‍ അര്‍ജന്റീനയെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം മാര്‍ക്കോസ് റോഹോ പാഴാക്കി. ഡിമരിയയുടെ കോര്‍ണറില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോഹോയുടെ ഹെഡ്ഡര്‍ വലതുപോസ്റ്റിന് പുറത്തുകൂടെ പോവുകയായിരുന്നു.
30ാം മിനിറ്റില്‍ ചിലിയുടെ അലെക്‌സിസ് സാഞ്ചസിനു ഗോളവസരം. ഡിഫന്ററെ വെട്ടിയൊഴിഞ്ഞ് സാഞ്ചസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളി റൊമേരോയുടെ കൈകളില്‍ അവസാനിച്ചു. നാലു മിനിറ്റിനകം സാഞ്ചസ് വീണ്ടും അര്‍ജന്റീനയെ വിറപ്പിച്ചു. സാഞ്ചസിന്റെ കരുത്തുറ്റ ഫ്രീകിക്ക് ഗോളി റൊമേ റോ ഡൈവ് ചെയ്ത് വിഫലമാക്കുകയായിരുന്നു.
ഡിമരിയ മാജിക്ക്
ആദ്യപകുതിയില്‍ അര്‍ജന്റീന നിരയിലെ ഏറ്റവും മികച്ച താരമായിരുന്ന ഡിമരിയ രണ്ടാംപകുതിയിലും കസറി. 51ാം മിനിറ്റിലാണ് ഡിമരിയ അര്‍ജന്റീന കാത്തിരുന്ന ലീഡ് സമ്മാനിച്ചത്. കൗണ്ടര്‍അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. ബനേഗ നല്‍കിയ പാസുമായി ഇടതുവിങിലൂടെ പറന്നെത്തിയ ഡിമരിയ ഗോളി ക്ലോഡിയോ ബ്രാവോയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു. എട്ടു മിനിറ്റിനകം അര്‍ജന്റീന ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഏറക്കുറെ ആദ്യഗോളിന് സമാനമായിരുന്നു രണ്ടാംഗോളും. ഒന്നാംഗോള്‍ നേടിയ ഡിമരിയ ഇത്തവണ അവസരമൊരുക്കിയപ്പോള്‍ ബനേഗ സ്‌കോര്‍ ചെയ്യുകയായിരുന്നു. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ ഡിമരിയ നല്‍കിയ പാസുമായി ഇടതുവിങിലൂടെയെത്തിയ ബനേഗ ഗോളിയെ നിസ്സഹായനാക്കി നിറയൊഴിച്ചു.
രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ ചിലിയുടെ പ്രതിരോധം പാടെ തകരുന്നതാണ് കണ്ടത്. പന്ത് ലഭിച്ചപ്പോഴെല്ലാം മിന്നല്‍ നീക്കങ്ങള്‍ നടത്തിയ അര്‍ജന്റീന അനായാസം ചിലിയുടെ ബോക്‌സില്‍ റെയ്ഡ് നടത്തി.
ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ എറിക് ലമേലിയൂടെ അര്‍ജന്റീന മൂന്നാം ഗോള്‍ നേടേണ്ടതായിരുന്നു. കഴിഞ്ഞ രണ്ടു ഗോളുകളുടെയും അതേ ആംഗിളില്‍ നിന്ന് ലമേല തൊടുത്ത ഷോട്ട് ചിലി ഗോളി ബ്രാവോ കാല്‍കൊണ്ട് തട്ടിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ ചിലി ഗോള്‍ മടക്കി. ഫാബിയന്‍ ഒറെല്ലാനയുടെ ഫ്രീകിക്ക് മിന്നുന്ന ഹെഡ്ഡറിലൂടെ ഫ്യുന്‍സാലിദ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it