Sports

കോപ അമേരിക്ക ആദ്യ ക്വാര്‍ട്ടര്‍:  അമേരിക്ക സെമി ഫൈനലില്‍

സിയാറ്റില്‍: ആതിഥേയരായ അമേരിക്ക കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ സെമി ഫൈനലില്‍ ഇടംനേടി. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് അമേരിക്ക മറികടന്നത്.
സൂപ്പര്‍ താരം ക്ലിന്റ് ഡെംസിയുടെ ഉജ്ജ്വല പ്രകടനമാണ് അമേരിക്കയ്ക്കു ജയം നേടിക്കൊടുത്തത്. 22ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഡെംസി 65ാം മിനിറ്റില്‍ ഗ്യാസി സര്‍ഡെസിന്റെ രണ്ടാം ഗോളിനു വഴിയുമൊരുക്കി. ഇക്വഡോറിന്റെ ഗോള്‍ 74ാം മിനിറ്റില്‍ മൈക്കല്‍ അരോയോയുടെ വകയായിരുന്നു.
താരങ്ങള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത മല്‍സരത്തില്‍ ഇരുടീമിലെയും ഓരോ കളിക്കാര്‍ ചുവപ്പ്കാര്‍ഡ് കണ്ടു പുറത്തായി. 53ാം മിനിറ്റില്‍ ഇക്വഡോര്‍ താരം അന്റോണിയോ വലന്‍സിയ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായപ്പോള്‍ ഇതേ മിനിറ്റില്‍ത്തന്നെ അമേരിക്കയുടെ ജെര്‍മെയ്ന്‍ ജോണ്‍സിന് റഫറി നേരിട്ട് ചുവപ്പ്കാര്‍ഡ് ന ല്‍കി. അര്‍ജന്റീന- വെനിസ്വേല ക്വാര്‍ട്ടറിലെ വിജയികളുമായിട്ടാണ് ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലില്‍ അമേരിക്ക ഏറ്റുമുട്ടുക.
കിരീടഫേവറിറ്റുകളായ അര്‍ജന്റീന ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30നു വെനിസ്വേലയുമായി ഏറ്റുമുട്ടും. നാളെ രാവിലെ 7.30നു നിലവിലെ ജേതാക്കളായ ചിലിയും മെക്‌സിക്കോയും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍.
കഴിഞ്ഞ രണ്ടു കളികളിലും പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയ അര്‍ജന്റീന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി നാളെ വെനിസ്വേലയ്‌ക്കെതിരേ ആദ്യ ഇലവനില്‍ത്തന്നെയുണ്ടാവും.
ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് അര്‍ജന്റീനയുടെ വരവ്.
Next Story

RELATED STORIES

Share it