Sports

കോപ അമേരിക്ക: അര്‍ജന്റീനയ്ക്ക് അമേരിക്കന്‍ കടമ്പ

കോപ അമേരിക്ക: അര്‍ജന്റീനയ്ക്ക്  അമേരിക്കന്‍ കടമ്പ
X
messi

കാലഫോര്‍ണിയ: കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാം സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ആതിഥേയരായ അമേരിക്കയെ എതിരിടും. നീണ്ട വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് കോപ അമേരിക്കയിലൂടെ ഇത്തവണയെങ്കിലും അറുതിയിടാനാവുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന.
എന്നാല്‍, ആതിഥേയരും ശക്തരുമായ അമേരിക്കയ്‌ക്കെതിരേ അര്‍ജന്റീനയ്ക്ക് അത് എളുപ്പമാവില്ല. കൂടാതെ അമേരിക്കയ്ക്ക് തന്ത്രങ്ങളോതുന്ന യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ മികവും അര്‍ജന്റീനയ്ക്ക് വെല്ലുവിളിയുയര്‍ത്തും. എങ്കിലും അഞ്ച് തവണ ലോക ഫുട്‌ബോളറായ ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കീഴില്‍ ഇത്തവണ ചരിത്രം കുറിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് കോപ അമേരിക്കയില്‍ 14 വട്ടം ചാംപ്യന്‍മാരായ അര്‍ജന്റീന.
ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസ്സിയുടെ മാസ്മരിക ഫോമും അര്‍ജന്റീനയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. സെമിയില്‍ വെനിസ്വേലയെ 1-4ന് തരിപ്പണമാക്കിയാണ് അര്‍ജന്റീന സെമിയിലെത്തിയത്. ഇക്വഡോറിനെ 1-2ന് തകര്‍ത്തായിരുന്നു അമേരിക്കയുടെ സെമി പ്രവേശനം.
ഇരു ടീമും അവസാനം അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന രണ്ടെണ്ണത്തിലും അമേരിക്ക ഒരു തവണയും വിജയക്കൊടി നാട്ടി. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. നേരത്തെ 2014 ഫിഫ ലോകകപ്പിലും 2015 കോപ അമേരിക്കയിലും ഫൈനലിലെത്തിയ അര്‍ജന്റീന എതിരാളികള്‍ക്കു മുന്നില്‍ കിരീടം അടിയറവ് പറയുകയായിരുന്നു.
Next Story

RELATED STORIES

Share it