കോപ്റ്റര്‍ കോഴ: ബ്രിട്ടിഷ് പൗരനെതിരേ വീണ്ടും തിരച്ചില്‍ നോട്ടീസ്

ന്യൂഡല്‍ഹി: 3,600 കോടി രൂപയുടെ വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന ബ്രിട്ടീഷ് പൗരനെതിരേ ഇ ന്റര്‍പോള്‍ വീണ്ടും തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍ ജെയിംസിനെതിരെയാണു വീണ്ടും നോട്ടീസ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. സിബിഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്റര്‍പോള്‍ മുമ്പും തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കള്ളപ്പണം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ പുതിയ നോട്ടീസയച്ചത്. നേരത്തെ സിബിഐയുടെ ആവശ്യപ്രകാരം അയച്ച നോട്ടീസില്‍ ഈ വകുപ്പുകള്‍ ചേര്‍ത്തിരുന്നില്ല. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, പദവി ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു സിബിഐ നോട്ടീസയച്ചത്.
ജെയിംസിന് പുറമെ മറ്റ് ഇടനിലക്കാരായ ഇറ്റലി പൗരന്‍മാരായ കാര്‍ലോ ഗെറോസ, ഗൈഡോ റാല്‍ഫ് ഹാസ്‌കെ എന്നിവര്‍ക്കുമെതിരേ തിരച്ചില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിലവില്‍ ദുബയിലുള്ള ജെയിംസിനെതിരേ ജാമ്യമില്ലാ വാറന്റ് പ്രഖ്യാപിക്കാന്‍ ഇഡി കേസില്‍ കോടതി ഉത്തരവിട്ടിരുന്നു. ഇടപാടില്‍ ഉള്‍പ്പെട്ട അഗസ്ത വെസ്റ്റ്‌ലാന്‍ഡ് മൂന്നുകോടി യൂറോ ജെയിംസിന് നല്‍കിയിരുന്നതായി ഇഡി വ്യക്തമാക്കി.
Next Story

RELATED STORIES

Share it