കോപ്റ്റര്‍ ഇടപാടില്‍ എത്ര കമ്മീഷന്‍ കിട്ടി: പ്രധാനമന്ത്രി

തിരുവനന്തപുരം: അഗസ്ത വെസ്റ്റ്‌ലാന്റ് കോപ്റ്റര്‍ ഇടപാടില്‍ എത്ര രൂപ കമ്മീഷന്‍ കിട്ടിയെന്ന കാര്യം അഴിമതി നടത്തിയവര്‍ വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷം ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിട്ടും കോപ്റ്റര്‍ ഇടപാടില്‍ ആരുടെയും പേര് പുറത്തുപറഞ്ഞിട്ടില്ല. ഇറ്റലി ഹൈക്കോടതിയാണ് ഇപ്പോള്‍ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയുമായി ബന്ധമുള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. അവിടെ പണം കൊടുത്തവന്‍ അകത്തായി. ഇനി വാങ്ങിയവന്‍ എപ്പോള്‍ അകത്താവുമെന്നു കാണാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി കാസര്‍കോട്ട് എന്‍ഡിഎ പൊതുയോഗത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷം നിങ്ങള്‍ ഭരിക്കൂ, ഞങ്ങള്‍ സഹായിക്കാമെന്ന രീതിയിലാണിത്. കേരളത്തില്‍ സിപിഎമ്മിനെ വികസനവിരോധികളും അക്രമരാഷ്ട്രീയക്കാരുമായാണ് കോണ്‍ഗ്രസ് ചിത്രീകരിക്കുന്നത്. എന്നാല്‍, ബംഗാളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ നല്ല പാര്‍ട്ടിയില്ലെന്നാണു കോണ്‍ഗ്രസ് വാദം. ഒരേസമയം രണ്ടുരീതിയില്‍ സംസാരിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത  വ്യക്തിയെ വര്‍ഷങ്ങള്‍ക്കു മുമ്പ്  കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നത്. ഇത്തരം ആളുകള്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് എങ്ങനെ രക്ഷകിട്ടുമെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ് അഴിമതിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്രമത്തിനും പിന്നാലെയാണെന്ന് പ്രധാനമന്ത്രി കുട്ടനാട് എടത്വായിലെ പൊതുയോഗത്തില്‍ പറഞ്ഞു. അഴിമതിക്കാരെ തിരഞ്ഞുപിടിച്ച് പുറത്താക്കിയാലേ ദരിദ്രരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവൂ. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കി വോട്ട് തട്ടാനാണ് ഇവരുടെ ശ്രമം. ഈ തിരഞ്ഞെടുപ്പോടെ ഇതിന് മാറ്റംവരുമെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it