കോപ്പിയടി: ടി ജെ ജോസിനെ ഡീബാര്‍ ചെയ്തു

കോട്ടയം: എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഐജി ടി ജെ ജോസിനെ എംജി സര്‍വകലാശാല ഡീബാര്‍ ചെയ്തു. ടി ജെ ജോസ് 2015 മെയില്‍ എഴുതിയ പരീക്ഷകള്‍ റദ്ദാക്കാനും 2016 മെയ് വരെ ഡീബാര്‍ ചെയ്യാനുമാണ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം.
കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിനായി സര്‍വകലാശാല ചുമതലപ്പെടുത്തിയ ഉപസമിതിയുടെ റിപോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടി ജെ ജോസ് മെയ് 4നു നടന്ന എല്‍എല്‍എം പരീക്ഷയുടെ കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ പേപ്പറിന് കോപ്പിയടിച്ചതായാണ് സമിതി കണ്ടെത്തിയത്. എല്‍എല്‍എം നേടിയിട്ടുള്ള ജോസ്, അഡീഷനല്‍ പേപ്പറായാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ കൂടി എഴുതിയത്. കളമശ്ശേരി സെന്റ് പോള്‍സ് കോളജായിരുന്നു പരീക്ഷാകേന്ദ്രം.
കോപ്പിയടി ശ്രദ്ധയില്‍പ്പെട്ട ഇന്‍വിജിലേറ്റര്‍ തുണ്ടുപേപ്പര്‍ കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ പരീക്ഷാഹാളില്‍ നിന്ന് ഐജി ഇറങ്ങിപ്പോയതായി സമിതി കണ്ടെത്തി.
അതിനാല്‍ തെളിവ് കിട്ടിയില്ല. പിന്നീട് മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it