കോന്നിയില്‍ കൈ മതി, അടൂര്‍ പ്രകാശ് വേണ്ടെന്നും വേണമെന്നും

എസ് ഷാജഹാന്‍

പത്തനംതിട്ട: വി എം സുധീരന്റെ കടുംവെട്ടില്‍ പകച്ചു നില്‍ക്കുന്ന കോന്നിയിലെ സിറ്റിങ് എംഎല്‍എ മന്ത്രി അടൂര്‍ പ്രകാശിന് മറ്റൊരു പ്രഹരമായി ജില്ലയില്‍ നിന്നുള്ള ഡിസിസി ഭാരവാഹികള്‍ ഗ്രൂപ്പ് തിരിഞ്ഞു. കോന്നി മണ്ഡലത്തിലെ കെപിസിസി, ഡിസിസി, ബ്ലോക്ക് നേതാക്കന്‍മാരടക്കം 17 പേര്‍ ആരോപണവിധേയനായ മന്ത്രി അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി.
ഇതുസംബന്ധിച്ചു സംസ്ഥാന നേതൃത്വത്തിനു കത്തുനല്‍കിയിരുന്നു. ഇതു മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ 11 പേര്‍ രാജിഭീഷണി മുഴക്കിയതെന്നും ഇവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചു. പാര്‍ട്ടി അംഗീകരിക്കുന്ന ആരെയും പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ നേതാക്കള്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുക്കുന്നവര്‍ക്കും ഹൈക്കമാന്‍ഡിന്റെ നടപടി അംഗീകരിക്കാത്തവര്‍ക്കും എതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ റെജി പൂവത്തൂര്‍, റോജി പോള്‍ ഡാനിയേല്‍, തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാത്യൂ കല്ലേത്ത് എന്നിവരാണ് ഇതുസംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇതിനിടയില്‍ അടൂര്‍ പ്രകാശിന് കോന്നിയില്‍ സീറ്റ് നിഷേധിക്കുന്നതിലുള്ള ഐഗ്രൂപ്പിന്റെ പ്രതിഷേധം പുറത്തുവന്നു. അടൂര്‍ പ്രകാശിനു പകരം ആര് മല്‍സരിച്ചാലും പരാജയമായിരിക്കും ഫലമെന്നും ഇവര്‍ പറയുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് സുധീരന് മാത്രമായിരിക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ഭാനുദേവ് പറഞ്ഞു.
അടൂര്‍ പ്രകാശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 11 ഡിസിസി സെക്രട്ടറിമാരടക്കമുള്ളവര്‍ രാജിസന്നദ്ധത അറിയിച്ചെന്നാണു സൂചന. വി എം സുധീരന്‍ അടൂര്‍ പ്രകാശിനെ വേട്ടയാടുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജിന്റെ പേരാണ് സുധീരന്‍ ഹൈക്കമാന്‍ഡിന് നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അടൂര്‍ പ്രകാശിനെതിരേ ഉയരുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് 50 പേജുള്ള റിപോര്‍ട്ടും സിഡിയുമുള്‍പ്പെടെയുള്ള തെളിവുകള്‍ സുധീരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it