കോന്നിയിലെ വിദ്യാര്‍ഥിനികളുടെ മരണം: സിബിഐ അന്വേഷണഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കോന്നിയിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥിനികളുടെ മരണം സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി ഉബൈദ് ഹരജി തീര്‍പ്പാക്കിയത്.
കോന്നി ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ ആതിര, രാജി, ആര്യ എന്നിവരെ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് കാണാതായത്. പിന്നീട് ആതിരയെയും രാജിയെയും പാലക്കാടിനടുത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലും ആര്യയെ പരിക്കേറ്റ നിലയിലും കണ്ടെത്തി. ആര്യ പിന്നീട് ആശുപത്രിയില്‍ മരിച്ചു. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്നും അന്തിമ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പി വിജയരാഘവന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കുടുംബ പ്രശ്‌നങ്ങളും പരീക്ഷാപ്പേടിയും മൂലം ആത്മഹത്യ ചെയ്യുമെന്ന സൂചന നല്‍കുന്ന കുറിപ്പുകള്‍ ഇവരുടെ ഡയറിയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കാന്‍ മൂന്ന് പേരും തീരുമാനിച്ചതാണെന്നാണ് വ്യക്തമായിട്ടുള്ളതെന്നും ആരുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നുമുള്ള പോലിസ് റിപോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.
Next Story

RELATED STORIES

Share it