ernakulam local

കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പനി ബാധിതരുടെ തിക്കും തിരക്കും; രണ്ടുപേര്‍ തളര്‍ന്ന് വീണു

കോതമംഗലം: സര്‍ക്കാര്‍ ആശുപത്രി ഒപിയില്‍ ഡോക്ടറെ കാണാന്‍ കാത്തു നിന്ന രണ്ട് രോഗികളാണ് കഴിഞ്ഞ ദിവസം തളര്‍ന്ന് വീണത്.
രാവിലെ 9 ഓടെ ക്യൂവില്‍ സ്ഥലം പിടിച്ച യുവതിയും മറ്റൊരു വീട്ടമ്മയുമാണ് പതിനൊന്നരയോടെ കുഴഞ്ഞ് വീണത്. പിന്നീട് ഡോക്ടര്‍ പരിശോധന നടത്തി ഇവരെ വാര്‍ഡുകളിലേക്ക് മാറ്റി.
താലൂക്കില്‍ പനിബാധിതരുടെ ക്രമാതീതമായ വര്‍ധനവിനെ തുടര്‍ന്ന് രോഗികള്‍ അതിരാവിലെ തന്നെ നീണ്ട നിരയില്‍ സ്ഥാനം പിടിക്കും. ഭക്ഷണം ഒന്നും തന്നെ കഴിക്കാതെയാണ് അവശരായായ രോഗികള്‍ ഡോക്ടറെ പ്രതീക്ഷിച്ച് നില്‍ക്കുന്നത്.
മിക്കവാറും ദിവസങ്ങളില്‍ വാര്‍ഡ് സന്ദര്‍ശനത്തിന് ശേഷം ഡോക്ടറെത്തുമ്പോഴേക്കും 11 മണി കഴിഞ്ഞിരിക്കും. ഇങ്ങനെ പനി ബാധിച്ച് അവശനിലയിലായ രണ്ടുപേരാണ് തളര്‍ന്ന് വീണത്.
ആശുപത്രിയില്‍ പിന്‍തുടരുന്ന അശാസ്ത്രീയമായ ചീട്ട് സമ്പ്രദായമാണ് രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്നാണ് രോഗികള്‍ പറയുന്നത്. രോഗികള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി മുന്‍ഗണന ക്രമത്തില്‍ ചീട്ട് ചിട്ടപ്പെടുത്തുകയാണങ്കില്‍ ഇടവേളകളില്‍ രോഗികള്‍ക്ക് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ അവസരം ലഭിക്കും.
നിലവിലത്തെ അവസ്ഥയില്‍ അത്യാവശ്യങ്ങള്‍ക്ക് പോലും ക്യൂവില്‍ നിന്നും പുറത്തേക്കിറങ്ങിയാല്‍ പിന്നീട് നിരയില്‍ ഇടക്ക് കയറ്റുകയില്ല.
ഡോക്ടര്‍മാര്‍ സമയനിഷ്ഠ പാലിക്കുകയും ടോക്കണ്‍ സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തണമെന്നുമാണ് രോഗികളുടെ ആവശ്യം.
Next Story

RELATED STORIES

Share it