കോതമംഗലം ആനവേട്ടക്കേസിലെ പ്രതിയെ കാണാനില്ലെന്ന് പരാതി

കോതമംഗലം: ആനവേട്ടക്കേസിലെ പ്രതിയെ കാണാനില്ലെന്നു പരാതി. ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ കുട്ടമ്പുഴ ഒറവങ്ങച്ചാലില്‍ ജിജോ എന്ന ആണ്ടിക്കുഞ്ഞിനെ കാണാനില്ലെന്ന് പിതാവാണ് കുട്ടമ്പുഴ പോലിസില്‍ പരാതി നല്‍കിയത്. കേസിലെ മുഖ്യപ്രതിയും മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐക്കര വാസുവിനൊപ്പം ആനവേട്ടയ്ക്കു നേരിട്ട് നേതൃത്വം നല്‍കിയ ആളുമാണ് ആണ്ടിക്കുഞ്ഞ്.
ഐക്കര വാസുവിന്റെ ആത്മഹത്യക്കു ശേഷമാണ് ആണ്ടിക്കുഞ്ഞ് വനപാലകരുടെ പിടിയിലാവുന്നത്. തുടര്‍ന്ന് നാലു മാസത്തോളം വിവിധ കേസുകളില്‍പ്പെട്ട് റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഒരുമാസം മുമ്പ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആണ്ടിക്കുഞ്ഞ് വിഷാദരോഗത്തിന് അടിമയായിരുന്നു. നാലു ദിവസം മുമ്പാണ് ആണ്ടിക്കുഞ്ഞിനെ കാണാതാവുന്നത്. നായാട്ടിനു കൊണ്ടുനടക്കാറുള്ള നായയോടൊപ്പമാണ് ആണ്ടിക്കുഞ്ഞ് പോയത്. എന്നാല്‍, നായ തനിയെ തിരിച്ചുവന്നതോടെ ആണ്ടിക്കുഞ്ഞിനെ കാണാതായതിനെക്കുറിച്ചുള്ള ദുരൂഹത ഏറുകയാണ്. വനപാലകരുടെ പിടിയിലാവുമ്പോള്‍ ആണ്ടിക്കുഞ്ഞ് ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
തന്റെ സന്തതസഹചാരിയും ആത്മമിത്രവുമായ വാസുവിന്റെ മരണവും മാസങ്ങളോളമുള്ള ജയില്‍വാസവും ആണ്ടിക്കുഞ്ഞിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത്രയും ദിവസം ആണ്ടിക്കുഞ്ഞ് വീടുവിട്ടുനില്‍ക്കേണ്ട കാര്യമില്ലെന്നും അപകടം പറ്റുകയോ മറ്റാരെങ്കിലും അപകടപ്പെടുത്തുകയോ ചെയ്തിരിക്കാമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. കുട്ടമ്പുഴ പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it