കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വൈകിയ സാഹചര്യത്തില്‍ ധൃതിപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയം വേണ്ടെന്ന് കെപിസിസി. സമയമെടുത്ത് കൂടിയാലോചനകള്‍ക്കു ശേഷം സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയാല്‍ മതിയെന്നാണ് തീരുമാനം. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് വിഎം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം പട്ടിക ഹൈക്കമാന്‍ഡിനു കൈമാറും.
തിരഞ്ഞെടുപ്പിന് രണ്ടരമാസത്തോളം സമയമുള്ളതിനാല്‍ തിരക്കുപിടിച്ച് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുന്നില്ലെന്നും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണു ശ്രമമെന്നും വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത മാസാവസാനത്തോടെ നടക്കുമെന്ന ധാരണയില്‍ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക ഇന്നലെ എഐസിസിക്ക് നല്‍കാനായിരുന്നു ധാരണ. ഇതുപ്രകാരമാണ് ഇന്നലെ രാവിലെ യോഗം നിശ്ചയിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് വൈകിയതോടെ സ്ഥാനാര്‍ഥിനിര്‍ണയം സാവകാശം മതിയെന്നു തീരുമാനിക്കുകയായിരുന്നു. ജില്ലാതല ഉപസമിതികളുടെ പട്ടികകള്‍ സൂക്ഷ്മമായി പരിശോധിക്കും. അതില്‍നിന്ന് പരമാവധി നാലുപേരുടെ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൈമാറും. അവിടെനിന്നു ലഭിക്കുന്ന പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയില്‍ അവതരിപ്പിക്കും. പുതിയ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ അതും ചേര്‍ത്ത് അന്തിമപട്ടിക എഐസിസിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം.
പതിവിനു വിപരീതമായി ഇത്തവണ നേരത്തേ തന്നെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ യുഡിഎഫില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച മുന്നണി യോഗം ചേര്‍ന്ന് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. തൊട്ടുപിന്നാലെ 20 സീറ്റില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജെഡിയുവുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ്, ഇന്നലെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ്സുമായും ചര്‍ച്ച നടത്തി.
കേരളാ കോണ്‍ഗ്രസ് 22 സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം പാര്‍ട്ടി വിട്ട സ്ഥിതിക്ക് അധികസീറ്റുകള്‍ നല്‍കാന്‍ സാധ്യതയില്ല. ജെഎസ്എസ്, സിഎംപി പാര്‍ട്ടികള്‍ മുന്നണി വിട്ടതോടെ ഇവര്‍ മല്‍സരിച്ചിരുന്ന സീറ്റുകള്‍ കോണ്‍ഗ്രസ്സിന്റെ പക്കലാണ്. ജെഎസ്എസില്‍നിന്ന് രാജിവച്ച കെ കെ ഷാജു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. സി പി ജോണും യുഡിഎഫ് സ്ഥാനാര്‍ഥിയാവും.
Next Story

RELATED STORIES

Share it