thrissur local

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമത പ്രളയം

തൃശൂര്‍: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ വിമത പ്രളയം. മുന്‍മേയര്‍മാര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനാര്‍ഥികള്‍ വിമത ഭീഷണി നേരിടുന്നു. നിലവില്‍ കൗണ്‍സിലര്‍മാരായ അന്നം ജോണ്‍, കിരണ്‍ സി ലാസര്‍ എന്നിവരും വിമതന്മാരായി രംഗത്തുണ്ട്. എല്‍ഡിഫും ബിജെപിയും വിമതശല്യത്തില്‍നിന്നും ഒഴിവല്ല. വിമതരെ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍.യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നും മൂന്നുതവണ മല്‍സരിച്ചവരെ ഒഴിവാക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയം ഡിവിഷന്‍ തലത്തിലെ തീരുമാനമനുസരിച്ചായിരിക്കും എന്നുമുള്ള കെപിസിസി സര്‍ക്കുലറിനെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ഥിമോഹികള്‍ പ്രാദേശികമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച മോഹഭംഗമാണ് കോണ്‍ഗ്രസ്സില്‍ കൂടുതല്‍ വിമതരെ സൃഷ്ടിച്ചത്.

മേയര്‍ രാജന്‍ പല്ലന്‍ മല്‍സരിക്കുന്ന പള്ളിക്കുളം ഡിവിഷനില്‍ മുന്‍ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിയൂസ് കോടങ്കണ്ടത്തും രംഗത്തുണ്ട്.  മുന്‍മേയര്‍ ഐ പി പോള്‍ മല്‍സരിക്കുന്ന ചെമ്പൂക്കാവില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോണ്‍ ആണ് വിമതഭീഷണി ഉയര്‍ത്തുന്നത്.എ ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന അഡ്വ.—സുബി ബാബു മല്‍സരിക്കുന്ന ഗാന്ധിനഗറില്‍, ഐ ഗ്രൂപ്പുകാരിയായ കൗണ്‍സിലര്‍ അന്നം ജോണാണ് വിമതയായി രംഗത്തുവന്നിട്ടുള്ളത്.

മേയര്‍ രാജന്‍ പല്ലനുവേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഇടപെടലിന്റെ തുടര്‍ച്ചയായി സീറ്റ് വച്ചുമാറലിന്റെ പേരില്‍ സുബി ബാബുവിനെ ഒഴിവാക്കി ഐ ഗ്രൂപ്പുകാരിയായ പ്രഫ.—മേരിക്കുഞ്ഞിനെ നിശ്ചയിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടായതാണെങ്കിലും മന്ത്രി കെ —ബാബുവിന്റെ ഭാര്യാസഹോദരിയും മുന്‍മന്ത്രി അഡ്വ.വേലായുധന്റെ മരുമകളുമായ അഡ്വ.—സുബി ബാബുവിനെതിരായ ഗൂഢനീക്കം ഫലിച്ചില്ല. നിലവില്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കിരണ്‍ സി ലാസര്‍ ചേലക്കോട്ടുകരയില്‍ ടി ആര്‍ സന്തോഷ്‌കുമാറിനെതിരായാണ് വിമതനായി ഇറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലജു ജോസഫും ചേലക്കോട്ടുകരയില്‍ വിമതനായുണ്ട്.ജെയിംസ് പല്ലിശ്ശേരി മല്‍സരിക്കുന്ന കുട്ടനെല്ലൂരില്‍ മൂന്നുപേരാണ് കോണ്‍ഗ്രസ്സ് വിമതര്‍. ബൂത്ത്പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ്സുകാരനായ വിനോദ്, ഡിവിഷന്‍ പ്രസിഡന്റ്അഡ്വ.—എ ആര്‍ സദാനന്ദന്‍, ആന്റോ തച്ചേത്ത് എന്നിവരാണ് പത്രിക നല്‍കിയിട്ടുള്ളത്.

കൗണ്‍സിലര്‍ കെ എസ് സന്തോഷ് തട്ടകം മാറി മല്‍സരിക്കുന്ന പടവരാടും കോണ്‍ഗ്രസ്സിന് രണ്ട് വിമതരുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് ഡിവിഷന്‍ പ്രസിഡന്റുമായ സിജു മാളിയേക്കല്‍ മുന്‍ പോലിസ് അസോസിയേഷന്‍ നേതാവും സജീവപ്രവര്‍ത്തകനുമായ ജോസഫ് ചെറുശ്ശേരി എന്നിവരാണ് വിമതര്‍. ചേറൂര്‍ ഡിവിഷനില്‍ കെ എസ് രാജനെതിരായി മണ്ഡലം ഭാരവാഹിയായ ഹരിദാസും രാമവര്‍മ്മപുരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂരിനെതിരെ സ്ഥാനാര്‍ഥിത്വത്തിന് മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്ന ഐഎന്‍ടിയുസി പ്രവര്‍ത്തകനായ കെ എസ് ഗോപനും രംഗത്തുണ്ട്.കുരിയച്ചിറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോമി ഫ്രാന്‍സീസിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവായ കെ പി ജോസ് വിമതനായുണ്ട്.കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക മല്‍സരിക്കുന്ന വളര്‍ക്കാവില്‍, വിജയലക്ഷ്മി പത്രിക നല്‍കിയിട്ടുണ്ട്.

ഡിസിസി ജനറല്‍ സെക്രട്ടറി വിന്‍സെന്റ് കാട്ടൂക്കാരന്‍ മല്‍സരിക്കുന്ന പൂത്തോളില്‍ രണ്ടുപേര്‍ വിമതരായുണ്ട്. മുന്‍മുനിസിപ്പല്‍ കൗണ്‍സിലര്‍ പി രാധാകൃഷ്ണനും സീതാരാമനുമാണ് രംഗത്ത്. കാര്യാട്ടുകരയില്‍ ഫ്രാന്‍സിസ് ചാലിശ്ശേരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാധാകൃഷ്ണന്‍ വിമതനായുണ്ട്. യുഡിഎഫ് കേരളാകോണ്‍ഗ്രസിന് നല്‍കിയ പുതൂര്‍ക്കര സീറ്റില്‍ ഉണ്ണികൃഷ്ണന്‍ ഈച്ചരത്തിനും ശക്തമായ വിമത ഭീഷണിയുണ്ട്. മുന്‍കൗണ്‍സിലറും അയ്യന്തോള്‍ പഞ്ചായത്ത് മുന്‍പ്രസിഡന്റുമായിരുന്ന അഡ്വ.—കെ രാമന്‍കുട്ടി പത്രിക നല്‍കിയത്. വലിയ ഭീഷണിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസ് പുതൂര്‍ക്കരയും പത്രിക നല്‍കിയിട്ടുണ്ട്.

ചിയ്യാരം സൗത്തില്‍ തട്ടകം മാറി മത്സരിക്കുന്ന കൗണ്‍സിലര്‍ പി എ വര്‍ഗ്ഗീസിനും ശക്തമായ വിമത ഭീഷണിയുണ്ട്. കുട്ടിറാഫി എന്നറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണിവിടെ വിമതന്‍. വിമത ശല്യത്തില്‍നിന്ന് ബിജെപിയും സിപിഎമ്മും ഒഴിവല്ല. തേക്കിന്‍കാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി മുന്‍ പത്രപ്രവര്‍ത്തക സമ്പൂര്‍ണക്കെതിരെ മുന്‍ ബിജെപി കൗണ്‍സിലര്‍ പ്രസാദും പടവരായ് മത്സരിക്കുന്ന സിപിഎം ജില്ലാകമ്മിറ്റിഅംഗം വര്‍ഗ്ഗീസ് കണ്ടംകുളത്തിക്കെതിരെ സിപിഎം പ്രവര്‍ത്തകന്‍ എ എന്‍—ശിവദാസന്‍ പത്രിക നല്‍കിയിട്ടുണ്ട്. പൂത്തോളില്‍ സിപിഐ സ്ഥാനാര്‍ഥി റോയ് കെ—പോളിനെതിരെ ഇടതുമുന്നണിയില്‍ കക്ഷിയായ സി എം—പിയിലെ പി സുകുമാരനും രംഗത്തുണ്ട്.
Next Story

RELATED STORIES

Share it