കോണ്‍ഗ്രസ്-സിപിഎം സഖ്യം: വേവലാതിയില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കുന്ന വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് യാതൊരു വേവലാതിയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുന്നതില്‍ കേരളത്തില്‍ ചിലര്‍ നെഞ്ചത്തടിച്ചു കരയുന്നുണ്ട്. തങ്ങള്‍ അതിനൊന്നുമില്ല. ആരെയും വിലക്കാനുമില്ല. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവിടുത്തെ പാര്‍ട്ടിയും കേന്ദ്ര നേതൃത്വവുമാണ് ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ബംഗാളില്‍ എന്തു തീരുമാനമെടുത്താലും കേരളത്തിലെ രാഷ്ട്രീയത്തെ അത് ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഡിഎഫില്‍ നിന്ന് ആരും എങ്ങോട്ടും പോവില്ല. ഇന്നുവരും നാളെ വരുമെന്ന് പലരും പറഞ്ഞിട്ടും അഞ്ചുവര്‍ഷമായി ഒന്നുമുണ്ടായില്ല. അതാണ് യുഡിഎഫ്. മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ടു പോവുന്നത്. അത് ഒരു വ്യക്തിയുടെ മേന്‍മകൊണ്ടല്ല. യുഡിഎഫിന്റെ ശക്തികൊണ്ടാണ്. മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാനോ വേവലാതിപ്പെടാനോ തങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ യുഡിഎഫില്‍ യാതൊരു കുഴപ്പവുമുണ്ടാവില്ല. ഈ സര്‍ക്കാര്‍ വന്നശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ശക്തി തെളിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നേട്ടമുണ്ടാക്കാനായി. പഞ്ചായത്തുകളില്‍ ചില പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍, രാഷ്ട്രീയമായി നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇനി തിരഞ്ഞെടുപ്പില്‍ ചിഹ്നത്തേക്കാള്‍ പ്രാധാന്യം സ്ഥാനാര്‍ഥിക്കാണെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
Next Story

RELATED STORIES

Share it