കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗം ബിജെപി സ്ഥാനാര്‍ഥി

തേഞ്ഞിപ്പലം: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ഏക ദലിത് സംവരണ സീറ്റായ ബാലുശ്ശേരി മണ്ഡലം മുസ്‌ലിംലീഗിന് കൈമാറിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കാലിക്കറ്റ് സര്‍വകലാശാല കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗവുമായ പി കെ സുപ്രന്‍ ബാലുശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി. കോഴിക്കോട് ഡിസിസി പ്രസിഡന്റായ കെ സി അബുവിന് കുന്ദമംഗലത്തു മല്‍സരിക്കുന്നതിനു വേണ്ടിയാണ് ബാലുശ്ശേരി-കുന്ദമംഗലം മണ്ഡലങ്ങള്‍ ലീഗും കോണ്‍ഗ്രസ്സും പരസ്പരം കൈമാറിയതെന്നും സുപ്രന്‍ തേജസിനോടു പറഞ്ഞു.ലീഗിന്റെ ഈ നീക്കത്തിന് ബാലുശ്ശേരിയിലെ ചില കോണ്‍ഗ്രസ് നേതാക്കളും ഒത്താശ ചെയ്തുകൊടുത്തിട്ടുണ്ട്. കെപിസിസിക്കും എഐസിസിക്കും ഈ കാര്യത്തില്‍ പരാതി നല്‍കിയിട്ടും ഒരു പരിഹാരവും കാണാത്തതില്‍ മനം നൊന്താണ് താന്‍ ബിജെപി സ്ഥാനാര്‍ഥിയായതെന്നും സുപ്രന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിനാണ് ബാലുശ്ശേരിയെങ്കില്‍ ഇടതുപക്ഷക്കാര്‍ വരെ വോട്ടുചെയ്ത് വിജയിപ്പിക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്ക് കാത്തിരുന്നവരാണ് ബാലുശ്ശേരി മണ്ഡലം ലീഗിന് മുന്നില്‍ അടിയറ വച്ചതെന്നും  സുപ്രന്‍ വ്യക്തമാക്കി. താന്‍ സ്ഥാനാര്‍ഥിയായതിലൂടെ മുഴുവനാളുകളും പ്രതിഷേധത്തിന്റെ ഭാഗമായി തന്നെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന യു സി രാമന് സുപ്രന്റെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. മണ്ഡലം കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി സുപ്രന് ലഭിച്ചാല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് മണ്ഡലം നില നിര്‍ത്താനാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് അക്കൗണ്ടില്‍ സര്‍ക്കാര്‍ നോമിനിയായി ലഭിച്ച കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗത്വം രാജിവച്ചതായും സുപ്രന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it