കോണ്‍ഗ്രസ് സഖ്യം മുഖ്യ അജണ്ട

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യമുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു തുടക്കമാവും. ഇന്നു നടക്കുന്ന പിബി യോഗത്തിനു ശേഷം നാളെയും മറ്റന്നാളുമായി കേന്ദ്രക്കമ്മിറ്റി യോഗവും നടക്കും. ഉടന്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും.
കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമാവാമെന്ന നിലപാടു സ്വീകരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനെ എതിര്‍ക്കുന്ന കാരാട്ട് പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനും യോഗം സാക്ഷ്യംവഹിക്കും. കാരാട്ട് പക്ഷത്തിനാണ് പിബിയില്‍ ഭൂരിപക്ഷമെന്നതിനാല്‍ ബംഗാള്‍ ഘടകത്തിന്റെ തീരുമാനം പിബി തള്ളാനാണു സാധ്യത. പിബിയുടെ തീരുമാനം ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് തുടര്‍ദിവസങ്ങളില്‍ കേന്ദ്രക്കമ്മിറ്റി ചേരുന്നത്. ഈ വിഷയത്തില്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി ആയതിനുശേഷമുള്ള ആദ്യ ബലപരീക്ഷണമായി അതു മാറും. കേന്ദ്രക്കമ്മിറ്റിയില്‍ ആര്‍ക്കാണു ഭൂരിപക്ഷമെന്നത് ഇപ്പോഴും അവ്യക്തമാണ്. സഖ്യം സംബന്ധിച്ച അന്തിമതീരുമാനം കേന്ദ്രക്കമ്മിറ്റി യോഗത്തിനു ശേഷമുണ്ടാവുമെന്ന് ഇന്നലെ യെച്ചൂരി വ്യക്തമാക്കി.
കേരളത്തിലെ സാഹചര്യം അനുകൂലമാണെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയിലിലായത് തിരിച്ചടിയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സിബിഐ, ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന ആരോപണം തന്നെയാവും കേന്ദ്രക്കമ്മിറ്റിയും ഉന്നയിക്കുക. പാര്‍ട്ടിക്കുമേല്‍ വീണ കൊലപാതക കറ പ്രതിരോധിക്കാനുള്ള പ്രചാരണതന്ത്രങ്ങള്‍ക്കു രൂപം നല്‍കാനും സംസ്ഥാന ഘടകത്തിന് കേന്ദ്രക്കമ്മിറ്റി നിര്‍ദേശം നല്‍കും. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭവും യോഗം ചര്‍ച്ചചെയ്യും. ഇക്കാര്യം അടുത്തു തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കാനും യോഗം തീരുമാനിക്കും.
Next Story

RELATED STORIES

Share it