കോണ്‍ഗ്രസ് സഖ്യം: ബംഗാള്‍ ആവശ്യത്തെ എതിര്‍ത്ത് കാരാട്ടും കേരളവും

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തിനെതിരേ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കേരളാ ഘടകവും ശക്തമായ നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷമായതായി സൂചന.
പിബിയില്‍ ഭൂരിപക്ഷമുള്ള കാരാട്ട് പക്ഷം ഇന്നലെ നടന്ന പോളിറ്റ് ബ്യുറോ യോഗത്തിലും നിലപാട് മയപ്പെടുത്തിയില്ല. അഖിലേന്ത്യാ പാര്‍ട്ടിയെന്ന നിലയില്‍ ഓരോ സംസ്ഥാനത്തും വെവ്വേറെ നിലപാടുകള്‍ സ്വീകരിക്കാ ന്‍ പാര്‍ട്ടിയ്ക്ക് സാധ്യമല്ലെന്നും അതിനാല്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കരുതെന്നുമാണ് കാരാട്ടിന്റെ നിലപാട്. ഇത് കാരാട്ട് പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഭീഷണി അതിജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാതെ രക്ഷയില്ലെന്നായിരുന്നു ബംഗാള്‍ ഘടകം പിബിയില്‍ അവതരിപ്പിച്ച റിപോര്‍ട്ടിന്റെ ഉള്ളടക്കം.
തുടക്കം മുതല്‍ തന്നെ കാരാട്ട് പക്ഷം സഖ്യ നീക്കത്തെ എതിര്‍ത്തു. ആകെ 16 അംഗങ്ങളുള്ള പിബിയില്‍ 11 പേരും എതിര്‍ത്തതോടെ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ബംഗാള്‍ ഘടകത്തിന്റെ ഭാഗത്തുനിന്ന് ഇനിയുണ്ടാവുക. ഏത് പക്ഷത്തിനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. വോട്ടെടുപ്പ് ഒഴിവാക്കി കേന്ദ്ര കമ്മിറ്റിയില്‍ ബംഗാള്‍ ഘടകത്തിന്റെ റിപോര്‍ട്ട് അംഗീകരിപ്പിക്കാനുള്ള സമവായ നീക്കങ്ങളും യെച്ചൂരിയുടെ നേതൃത്വത്തില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് സൂചന.
മമതാ ബാനര്‍ജിക്കെതിരേ ജനവികാരം രൂക്ഷമാണെന്നും ഇത് മുതലെടുക്കണമെങ്കില്‍ വോട്ട് ചിതറാതെ ഏകോപിപ്പിക്കേണ്ടതുണ്ടെന്നുമാണ് ഇന്നലെ ബംഗാള്‍ ഘടകം പിബിയി ല്‍ വിശദീകരിച്ചത്. ഇതിനാല്‍ തന്നെ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് ബംഗാളിലെ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്ര നേതൃത്വം നിരാകരിച്ചാല്‍ ഇവരുടെ വോട്ടും പിന്തുണയും നഷ്‌പ്പെടാന്‍ ഇടയാക്കുമെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ്സുമായി ചേര്‍ന്നാലും ബംഗാളില്‍ സിപിഎമ്മിന് ജയിക്കാനുള്ള സാധ്യത നിലവിലില്ലാത്തതിനാല്‍ കേരളത്തിലെ ജയ സാധ്യത കൂടി ഇല്ലാതാക്കാനെ ഇതുപകരിക്കുകയുള്ളൂവെന്ന് കാരാട്ട് പക്ഷം വാദിച്ചു. ഇന്നും നാളെയുമായി നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലും ഇതേ വാദം തന്നെയാവും കേരള ഘടകം ഉന്നയിക്കുക.
എന്നാല്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി അംഗീകരിക്കാനിടയില്ലെന്ന് പ്രകാശ് കാരാട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തി ല്‍ വ്യക്തമാക്കി. പാര്‍ട്ടിയ്ക്ക് ഒരു കേന്ദ്രീകൃത രാഷ്ട്രീയ നയമാണുള്ളത്. ഇതിനെതിരായ തീരുമാനങ്ങളൊന്നും കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാവില്ല. കേരളത്തിലെയും ബംഗാളിലെയും സാഹചര്യങ്ങള്‍ കേന്ദ്ര കമ്മിറ്റി വിലയിരുത്തുമെന്ന് കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it