കോണ്‍ഗ്രസ് സഖ്യം: പിബിയെ തിരുത്തി സിപിഎം ബംഗാള്‍ ഘടകം; തെറ്റുപറ്റിയിട്ടില്ല

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സിലെടുത്ത തീരുമാനം ലംഘിച്ചില്ലെന്ന് സിപിഎം പശ്ചിമബംഗാള്‍ ഘടകം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണു ചെയ്തതെന്നും സംസ്ഥാനസമിതി തയ്യാറാക്കിയ അവലോകന റിപോര്‍ട്ട് വ്യക്തമാക്കി.
പിബി തീരുമാനം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി യോഗത്തില്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തെ ന്യായീകരിക്കുന്ന അവലോകനമാണു സംസ്ഥാന സമിതി തയ്യാറാക്കിയത്. വെള്ളിയാഴ്ച തുടങ്ങുന്ന പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിലും ബംഗാള്‍ഘടകം ഈ നിലപാടുതന്നെ ആവര്‍ത്തിക്കുന്നതോടെ സഖ്യം സംബന്ധിച്ച ചര്‍ച്ച വീണ്ടും ചൂടുപിടിക്കും.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശത്തിനും കേന്ദ്രകമ്മിറ്റി തീരുമാനത്തിനും വിരുദ്ധമാണെന്നു കഴിഞ്ഞമാസം ചേര്‍ന്ന പിബി യോഗം വിലയിരുത്തിയിരുന്നു. ഇതിനെയാണു കഴിഞ്ഞ രണ്ടുദിവസമായി നടന്ന ബംഗാള്‍ ഘടകം സംസ്ഥാനസമിതി തള്ളിയത്. ബൂര്‍ഷ്വാ പാര്‍ട്ടികളുടെ വാലാവരുതെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയരേഖയിലെ നിര്‍ദേശം. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസ്സിനെ സിപിഎമ്മിന്റെ വാലാക്കി മാറ്റാന്‍ കഴിഞ്ഞതായും അടവുനയരേഖ ലംഘിക്കുന്ന രീതിയിലുള്ള സഖ്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സമിതി വ്യക്തമാക്കി.
വിശാല ഇടത് ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്ന സിപിഎം നിര്‍ദേശത്തിന് അനുസൃതമായി മാത്രമാണ് ബംഗാളിലും സഖ്യമുണ്ടാക്കിയത്. ഇതിന് ജനപിന്തുണയും പങ്കാളിത്തവും അനിവാര്യമാണ്. ജനമുന്നേറ്റത്തിനൊപ്പം നില്‍ക്കുക മാത്രമാണ് പാര്‍ട്ടി ചെയ്തതെന്നും ബംഗാള്‍ ഘടകം വിശദീകരിച്ചു. എന്നാല്‍, കോണ്‍ഗ്രസ് സഖ്യം കേന്ദ്രകമ്മിറ്റി നിര്‍ദേശവുമായി ഒത്തുപോവുന്നില്ലെന്ന പിബി വിലയിരുത്തല്‍ അവര്‍ അംഗീകരിച്ചു.
കോണ്‍ഗ്രസ്സുമായി പരസ്യസഖ്യത്തിലേര്‍പ്പെട്ടത് പ്രത്യയശാസ്ത്ര വീഴ്ചയാണെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ശഠിക്കുന്ന കാരാട്ട് പക്ഷം, ബംഗാള്‍ ഘടകത്തെ ഇക്കാര്യത്തില്‍ തിരുത്തണമെന്ന് പിബിയില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, മുഴുവന്‍ പിബി അംഗങ്ങളും പങ്കെടുക്കുന്ന രീതിയില്‍ വിപുലമായ സംസ്ഥാനസമിതി ചേരണമെന്നും സഖ്യവുമായി ബന്ധപ്പെട്ട പിബി നിലപാട് ബോധ്യപ്പെടുത്തണമെന്നും തീരുമാനിച്ചിരുന്നെങ്കിലും സമവായനീക്കത്തിന്റെ ഭാഗമായി യെച്ചൂരി ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ പങ്കെടുത്താല്‍ മതിയെന്നു തിരുത്തുകയായിരുന്നു. യെച്ചൂരി പിബി നിലപാട് റിപോര്‍ട്ട് ചെയ്തിട്ടും ബംഗാള്‍ ഘടകം ഒന്നടങ്കം തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.
വിഎസിനെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകത്തോടു കേരള ഘടകത്തിന് താല്‍പര്യമില്ല. അതിനാല്‍ ഈയാഴ്ച നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ ബംഗാള്‍ ഘടകത്തിനെതിരായ വിചാരണയില്‍ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ മറുപക്ഷത്താവും.
Next Story

RELATED STORIES

Share it