കോണ്‍ഗ്രസ് സഖ്യം: തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം കൊല്‍ക്കത്തയില്‍ തുടങ്ങി. സംസ്ഥാന സമിതി ശനിയാഴ്ചയും തുടരും. മുതിര്‍ന്ന നേതാക്കളടക്കം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണെന്നിരിക്കെ, സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ മാത്രമാണ് ഉയര്‍ന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ പരമ്പരാഗത ശത്രു കോണ്‍ഗ്രസ്സുമായി ചേരാനുള്ള പ്രമേയം സംസ്ഥാന സമിതി പാസ്സാക്കും. തീരുമാനം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സഖ്യം നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. ഫെബ്രുവരി 17,18 തിയ്യതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പരിഗണിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ നിലപാടിന് അനുകൂലമാണ്. അതേസമയം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും പ്രബലവിഭാഗം എതിര്‍ നിലപാടിലാണ്.
കേരള ഘടകവും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ അനുകൂലിക്കുന്നില്ല. വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബംഗാള്‍ ഇടതുമുന്നണി യോഗം കോണ്‍ഗ്രസ്സുമായുള്ള സഖ്യ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it