Alappuzha local

കോണ്‍ഗ്രസ് വിമതന്‍ മുന്നണിയില്‍; എല്‍ഡിഎഫില്‍ കലാപം

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ 22ാം വാര്‍ഡായ പള്ളിക്കടയില്‍ നിന്നും കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു വിജയിച്ച കെ കെ സുരേന്ദ്രന്‍ ഇടതുപാളയത്തിലേക്ക് വന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് സിപിഐയുടെ ഭീഷണി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം വാഴൂര്‍ സോമനാണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. സിപിഐയെ തോല്‍പ്പിച്ച സ്ഥാനാര്‍ഥിയെ എല്‍ഡിഎഫില്‍ കൂടെ കൂട്ടുന്നത് അംഗീകരിക്കില്ലെന്നു സോമന്‍ വ്യക്തമാക്കി. സ്വതന്ത്രനായി മല്‍സരിച്ചവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും എന്നാല്‍ ഇതിലൂടെ എല്‍ഡിഎഫിലേക്ക് ചേക്കേറാമെന്ന വ്യാമേഹിക്കേണ്ട എന്നും അദേഹം പറഞ്ഞു. ആകെയുള്ള 23 വാര്‍ഡില്‍ 12 സീറ്റാണ് എല്‍ഡിഎഫിന്. ഇതില്‍ 3 സീറ്റ് സിപിഐയുടേതാണ്. 22ാം വാര്‍ഡായ പള്ളിക്കടയില്‍ കോണ്‍ഗ്രസ് വിമതനായാണ് സുരേന്ദ്രന്‍ മല്‍സരിച്ചത്. സിപിഐ സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.കഴിഞ്ഞ ഭരണ സമിതിയില്‍ ഇവിടെ സിപിഐയുടെ സ്ഥാനാര്‍ഥിയായ അനിത ജയിച്ച വാര്‍ഡിലാണ് ഇത്തവണ സുരേഷ് പിന്തള്ളപ്പെട്ടത്. സിപിഎം വോട്ടുകള്‍ സ്വതന്ത്രനു മറിച്ചു എന്ന് തിരഞ്ഞെടുപ്പിനു ശേഷം സിപിഐ നേതൃത്വം ആരോപിച്ചിരുന്നു. പരാജയ കാരണം പാര്‍ട്ടി അന്വേഷിക്കുന്നതിനിടയിലാണ് സുരേന്ദ്രന്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തുകയും എല്‍ഡിഎഫിനു പിന്തുണ നല്‍കാം എന്ന വാഗ്ദാനം നല്‍കിയതും. പകരം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സിപിഎം ഓഫര്‍ ചെയ്തു .ഇതാണ് സിപി ഐ യെ ചൊടിപ്പിച്ചത്. പഞ്ചായത്തില്‍ 9 സീറ്റുകളില്‍ മാത്രമെ സിപിഎം നേടിയിട്ടുള്ളു. അതിനാല്‍ തന്നെ സിപിഐയുടെ പിന്തുണ ഇല്ലാതെ ഭരിക്കാന്‍ എല്‍ഡിഎഫിനു കഴിയില്ല.വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ നിന്ന് ജയിച്ച സിപിഎമ്മിലെ ശാന്തി ഹരിദാസാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത് സി പിഐയുടെ രാജേന്ദ്രനാണ്.
Next Story

RELATED STORIES

Share it