kannur local

കോണ്‍ഗ്രസ് വിമതന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മറുതന്ത്രവുമായി ലീഗ്

കണ്ണൂര്‍: അഴീക്കോട് നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുമെന്ന കോണ്‍ഗ്രസ് വിമതനും കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി കെ രാഗേഷിന്റെ സമ്മര്‍ദ്ദത്തിനു മറുതന്ത്രവുമായി മുസ്‌ലിംലീഗും രംഗത്ത്. നേരിയ ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കാനുള്ള പി കെ രാഗേഷിന്റെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇടപെട്ട് തടയണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം ജില്ലയില്‍ കോണ്‍ഗ്രസ് ജയിച്ച മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്രവേഷത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ അണികള്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തുകയാണ്.
യൂത്ത് ലീഗ് അണികള്‍ക്കിടയില്‍ ഇത്തരമൊരു വികാരം ഉയര്‍ന്നിട്ടുണ്ടെങ്കിലും മുസ്‌ലിംലീഗ് നേതൃത്വം സമവായ ശ്രമത്തിനാണു മുന്‍തൂക്കം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും രണ്ടു മാസത്തിലേറെ സമയമുള്ളതിനാല്‍ പി കെ രാഗേഷിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്നും കോണ്‍ഗ്രസ് തന്നെ മുന്‍കൈയ്യെടുത്ത് പ്രശ്‌നം പരിഹരിക്കട്ടെയെന്നാണ് ലീഗ് തീരുമാനം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്കു പ്രശ്‌നങ്ങള്‍ നീട്ടാതെ ഉടനെ പരിഹരിക്കണമെന്നും ലീഗ് ആവശ്യപ്പെടും.
പി കെ രാഗേഷിന്റെ ഇടപെടല്‍ മുന്നണി ബന്ധത്തിന് പോറലേല്‍പ്പിക്കുമെന്നും അത് യുഡിഎഫിന്റെ ജയസാധ്യതയെ ഇല്ലാതാക്കുമെന്നും യൂത്ത്‌ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഗേഷ് പിന്‍മാറുന്നില്ലെങ്കില്‍ കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ കെ സി ജോസഫ് ജയിച്ച ഇരിക്കൂര്‍ മണ്ഡലത്തിലൊഴിച്ച് സണ്ണിജോസഫ് ജയിച്ച പേരാവൂരിലും അബ്ദുല്ലക്കുട്ടിയുടെ കണ്ണൂര്‍ മണ്ഡലത്തിലും ലീഗിനു നിര്‍ണായക സ്വാധീനമുണ്ട്.
കെ സുധാകരനുമായുള്ള പടലപ്പിണക്കം കാരണം എ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന പി കെ രാഗേഷ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ നിര്‍ണായക ഘടകമായി മാറിയിരുന്നു. യുഡിഎഫിനു ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതനായി ജയിച്ച പി കെ രാഗേഷിന്റെ പിന്തുണയോടെ ഇടതുപക്ഷത്തിനാണു മേയര്‍ പദവി ലഭിച്ചത്. ആകെയുള്ള 55 സീറ്റുകളില്‍ ഇരുമുന്നണികള്‍ക്കും 27 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ പഞ്ഞിക്കീല്‍ വാര്‍ഡില്‍ നിന്നു വിമതനായ ജയിച്ച പി കെ രാഗേഷ് നിര്‍ണായകമാവുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെങ്കില്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റുക, പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല.
ഇതിനുശേഷം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ വിമതരെ തിരിച്ചെടുക്കുകയും ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തതിനാല്‍ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ മറ്റു ആവശ്യങ്ങളില്‍ നടപടിയെടുക്കാത്തതിനാലാണ് വീണ്ടും വിമതസ്വരമുയര്‍ത്തി രാഗേഷ് നേതൃത്വത്തെ വെല്ലുവിളിച്ചത്. പള്ളിക്കുന്ന് സഹകരണ ബാങ്കില്‍ ലീഗും പി കെ രാഗേഷ് വിഭാഗവും തമ്മിലുള്ള പ്രശ്‌നമാണ് എ-ഐ ഗ്രൂപ്പ് യുദ്ധത്തിലെത്തിച്ചത്. പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ രാഗേഷിനു മേഖലയില്‍ നല്ല സ്വാധീനമുണ്ടെന്നതും ലീഗിനെ അലട്ടുന്നുണ്ട്.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പഞ്ഞിക്കീലില്‍ ലീഗിനെതിരേ രാഗേഷ് ജയിക്കുകയും മൂന്നു സീറ്റുകളില്‍ രാഗേഷ് അനുകൂലികളുടെ വോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. 500ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനു കഴിഞ്ഞ തവണ ജയിച്ച കെ എം ഷാജിയെ തന്നെയാണ് അഴീക്കോട് ഇത്തവണയും സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ പ്രധാനികള്‍ മല്‍സരിക്കുന്ന മൂന്നു സീറ്റുകളില്‍ വിമതനെ നിര്‍ത്തുമെന്ന സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ചാല്‍ തന്നെ കോണ്‍ഗ്രസ് സമവായത്തിനു മുന്‍കൈയ്യെടുക്കുമെന്നാണു ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it