kasaragod local

കോണ്‍ഗ്രസ് റിബലുകള്‍ക്കെതിരേയുള്ള നടപടി പിന്‍വലിച്ചേക്കും

കാസര്‍കോട്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മഞ്ചേശ്വരത്തേയും ഈസ്റ്റ് എളേരിയിലേയും റിബലുകള്‍ക്കെതിരെയുള്ള നടപടി കെപിസിസി പിന്‍വലിക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തക പഞ്ചായത്തായിരുന്ന ഈസ്റ്റ് എളേരിയില്‍ പ്രസിഡന്റായിരുന്ന ജയിംസ് പന്തമാക്കലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അനുകൂലിക്കുന്ന പഞ്ചായത്തിലെ ഭൂരിഭാഗം അംഗങ്ങളും ചേര്‍ന്ന് ഡിഡിഎഫ് എന്ന പേരില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും കോണ്‍ഗ്രസിന്റെ പരമ്പരാഗത പഞ്ചായത്ത് പാര്‍ട്ടിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കനത്ത വെല്ലുവിളിയാണ് ഡിഡിഎഫ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ജയിംസ് പന്തമാക്കലിനേയും അനുയായികളേയും തിരിച്ചെടുക്കാനാണ് നീക്കം. ഇദ്ദേഹത്തിന് ഡിസിസി സെക്രട്ടറിയുടെ ചാര്‍ജ് നല്‍കുമെന്നാണറിയുന്നത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി അര്‍ഷാദ് വോര്‍ക്കാടിക്കെതിരെ റിബലായി മല്‍സരിച്ച മുന്‍ മഞ്ചേശ്വരം മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഡി എം കെ മുഹമ്മദ് 5700 ഓളം വോട്ടുകള്‍ നേടിയിരുന്നു. ഇദ്ദേഹത്തെ അനുകൂലിക്കുന്ന നിരവധി പ്രവര്‍ത്തകര്‍ മംഗല്‍പാടി, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിലുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഹൊസങ്കടിയില്‍ കണ്‍വന്‍ഷന്‍ ചേര്‍ന്ന് മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുസ്‌ലിംലീഗിന്റെ സമ്മര്‍ദ്ദ പ്രകാരം ഇദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്. ഡി എം കെ മുഹമ്മദിനെ അനുകൂലിക്കുന്ന മല്‍സ്യത്തൊഴിലാളി മേഖലയിലെ പ്രമുഖ നേതാവ് എം ഷേക്കുഞ്ഞി അടക്കമുള്ളവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കും. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങാമെന്ന് ഇവര്‍ സമ്മതിച്ചതായി വിവരമുണ്ട്. കോണ്‍ഗ്രസ് റിബല്‍ മല്‍സരിച്ചാല്‍ മഞ്ചേശ്വരത്തെ മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴുകയും അത് ബിജെപിയുടെ വിജയത്തില്‍ കലാശിക്കുമെന്നും കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലീഗ് നേതാക്കള്‍ ധരിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it