കോണ്‍ഗ്രസ്-ബിജെപി ബാന്ധവം; സിപിഎം നേതാക്കള്‍ അഭിനവ ഗീബല്‍സുമാരായെന്ന് സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്-ബിജെപി ബാന്ധവമുണ്ടെന്നുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ബിജെപിയുമായും ജനസംഘവുമായും ഒളിഞ്ഞും തെളിഞ്ഞും ബാന്ധവത്തിന് മ—ടിക്കാത്ത സിപിഎം നേതൃത്വം ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ ബിജെപിയുമായി ബന്ധപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. സിപിഎം നേതാക്കളില്‍ പലരും അഭിനവ ഗീബല്‍സുമാരായി മാറിയിരിക്കുന്നു. കാറല്‍ മാര്‍ക്‌സിനെ കൈവിട്ട് ഗീബല്‍സിന്റെ ആശയങ്ങളും രീതികളും ഏറ്റെടുത്ത നിലയാണ് കാണുന്നതെന്നും സുധീരന്‍ പരിഹസിച്ചു.
സിപിഎം നേതൃത്വത്തോട് 11 ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു. ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയുമായി സിപിഎം 1977ല്‍ രാഷ്ട്രീയസഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചും വി പി സിങ് മന്ത്രിസഭയ്ക്ക് സിപിഎം പിന്തുണ നല്‍കിനെക്കുറിച്ചുമെല്ലാമാണ് സുധീരന്റെ ചോദ്യങ്ങള്‍. ഉദുമയില്‍ കെ ജി മാരാര്‍ക്കുവേണ്ടി സിപിഎമ്മും കൂത്തുപറമ്പില്‍ പിണറായി വിജയനുവേണ്ടി ജനസംഘം നേതാക്കളും വോട്ട് പിടിച്ചത് നിഷേധിക്കുമോയെന്നും സുധീരന്‍ ചോദിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനെ ആണവ കരാറിന്റെ പേരില്‍ താഴെയിറക്കാന്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ബിജെപിയും സിപിഎമ്മും ഒന്നിച്ചത് നിഷേധിക്കാനാവുമോ. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ രൂപീകൃതമായ മതേതര മഹാസഖ്യത്തിനെതിരേ കുറുമുന്നണി ഉണ്ടാക്കി ബിജെപിയെ സിപിഎം സഹായിച്ചില്ലേ. ബിജെപി എംപി കീര്‍ത്തി ആസാദ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ലോക്‌സഭ ചര്‍ച്ച ചെയ്തപ്പോള്‍ സിപിഎം എന്തിന് മൗനം പാലിച്ചു തുടങ്ങിയ ചോദ്യങ്ങളും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചു.
Next Story

RELATED STORIES

Share it