Pathanamthitta local

കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ ചീമുട്ടയേറ്

പത്തനംതിട്ട: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ ചീമുട്ടയേറ്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പത്തനംതിട്ട നഗരത്തില്‍ നടത്തിയ പ്രകടനത്തിനു നേരെ രണ്ടിടങ്ങളില്‍ വച്ച് മുട്ടയേറുണ്ടായി.
കേന്ദ്ര സര്‍ക്കാരിനെതിരേ വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി അബാന്‍ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് നേരേ ആദ്യം ധന്യ, രമ്യാ തീയേറ്റര്‍ കോംപ്ലക്‌സിനു സമീപം വച്ചും പിന്നീട് സെന്‍ട്രല്‍ ജങ്ഷനില്‍ ഗാന്ധി പ്രതിമയ്ക്കു സമീപത്തുവച്ചുമാണ് മുട്ടയേറ് ഉണ്ടായത്. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് അടക്കമുള്ള നേതാക്കള്‍ അണിനിരന്ന പ്രകടനത്തിന്റെ മുന്‍നിരയില്‍ നിന്നവരില്‍ പലര്‍ക്കും മുട്ടയേറ് ഏറ്റു.
പ്രകടനത്തെ തുടര്‍ന്ന് മിനി സിവില്‍സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. ചീമുട്ടയേറിനു പിന്നിലുള്ളവരെ കുറിച്ച് അറിയില്ലെന്ന് ഡിസിസി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍നായരുടെ തിരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോരിന്റെ ഭാഗമായാണ് ചീമുട്ടയേറ് നടന്നതെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരു വിഭാഗം സജീവമാവാതെ നിന്നതിനെതിരേ ശിവദാസന്‍നായര്‍ കെപിസിസിക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് മൂന്ന് ഡിസിസി ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.ഡിസിസിയില്‍ ഉടലെടുത്ത പരസ്യമായ വിഴുപ്പലക്കിന് കഴിഞ്ഞദിവസം കെപിസിസി നേതൃത്വം ഇടപെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it