thiruvananthapuram local

കോണ്‍ഗ്രസ് പുറത്താക്കിയവര്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കുന്നു

കിളിമാനൂര്‍: കിളിമാനൂര്‍ ബ്ലോക്കില്‍ ആകമാനവും പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ പ്രത്യേകിച്ചും ത്രിതല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിട്ടും അരിശം തീരാതെ നേതാക്കള്‍ പുറത്താക്കല്‍ നടപടി തുടരുന്നതായി ആക്ഷേപം.പഴയകുന്നുമ്മേലില്‍ പുറത്തായവര്‍ സമാന്തര കമ്മിറ്റി ഉണ്ടാക്കുന്നതിനു ശ്രമം തുടങ്ങിയതായി സൂചന.
തിരഞ്ഞെടുപ്പു വേളയില്‍ തന്നെ പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ നിരവധി പേരെ പുറത്താക്കിയിരുന്നു .കഴിഞ്ഞ ദിവസം വീണ്ടും ചിലരെ കൂടി പുറത്താക്കിയതോടെയാണ് നേതാക്കള്‍ക്കെതിരെ ആക്ഷേപം ശക്തമായതും സമാന്തര കമ്മിറ്റി ഉണ്ടാക്കുന്നതിനുള്ള നടപടി തുടങ്ങിയതും. പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ 17 വാര്‍ഡില്‍ 3 വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. വിജയിച്ച മൂന്നു പേരും വനിതകളാണ് . ഒരു പുരുഷനെ പോലും വിജയിപ്പിക്കാന്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് കഴിഞ്ഞില്ല. മല്‍സരിച്ച നാല് പ്രമുഖര്‍ തോല്‍ക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയവരില്‍ പഴയകുന്നുമ്മേല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമതി അംഗം മനാഫും ഉള്‍പ്പെടും. നിലവില്‍ പതിനഞ്ചിലധികം പ്രമുഖരെയാണ് പുറത്താക്കിയത്. പുറത്തായവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേര്‍ന്നതായി വിവരം പുറത്ത് വന്നു കഴിഞ്ഞു .കിളിമാനൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഗംഗാധര തിലകന്റെ പടിപ്പുകേടു കൊണ്ടാണ് കോണ്‍ഗ്രസിന് ഈ ഗതികേട് വന്നതെന്നാണ് പുരത്തായവരില്‍ ഭൂരിഭാഗം പേരും പറയുന്നത് . കോണ്‍ഗ്രസ് പഴയകുന്നുമ്മേല്‍ മണ്ഡലം കമ്മിറ്റി പൊട്ടിത്തെറിയുടെ വക്കിലാണന്നാണ് പുറത്തു വരുന്ന വിവരം . പുറത്തായവര്‍ വരുന്ന ദിവസം സമാന്തര കമ്മിറ്റിക്ക് രൂപം നല്‍കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it