കോണ്‍ഗ്രസ് പട്ടിക 31ന്

സ്വന്തം  പ്രതിനിധിതിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ 31നു പ്രഖ്യാപിക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച നാളെ പൂര്‍ത്തിയാവും. കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച ഡല്‍ഹിയിലേക്കു പോവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. അതേസമയം, ഇന്നലെ നടന്ന കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് സീറ്റ് വച്ചുമാറല്‍ ചര്‍ച്ച ഇരവിപുരത്തിന്റെ പേരില്‍ തീരുമാനമാവാതെ പിരിഞ്ഞു. ഹൈക്കമാന്‍ഡിന് കൈമാറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ചുരുക്കാനാണ് കെപിസിസി തീരുമാനം. ഓരോ മണ്ഡലത്തിലും പരമാവധി മൂന്നുപേരുകളായി ചുരുക്കാനാണ് ഉദ്ദേശിക്കുന്നത്. തര്‍ക്കമില്ലാത്ത മണ്ഡലങ്ങളില്‍ ഒരു പേരു മാത്രം നിര്‍ദേശിക്കും. അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നാളെ രാവിലെ ചര്‍ച്ച നടത്തും. അന്നു വൈകീട്ട് കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചേരും. ഇതില്‍ സാധ്യതാസ്ഥാനാര്‍ഥികളുടെ അന്തിമ പാനല്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലെത്തും. 28, 29, 30 തിയ്യതികളിലായി സ്‌ക്രീനിങ് കമ്മിറ്റിയും തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേരും. 31ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് രൂപം നല്‍കാന്‍ സാധിക്കുമെന്നാണ്  ധാരണയെന്ന് സുധീരന്‍ വ്യക്തമാക്കി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെയോടെ പൂര്‍ത്തിയാക്കാനാണു നീക്കം. ഇന്നലെ നടന്ന കോണ്‍ഗ്രസ്-മുസ്്‌ലിംലീഗ് ചര്‍ച്ചയില്‍ ലീഗിന്റെ അവശേഷിക്കുന്ന നാല് സീറ്റില്‍ മൂന്നെണ്ണത്തിലും പരിഹാരമായെങ്കിലും ഇരവിപുരത്തിന്റെ കാര്യത്തില്‍ സമവായമായില്ല. ലീഗിന്റെ കൈവശമുള്ള ഇരവിപുരം സീറ്റ് ആര്‍എസ്പിക്ക് നല്‍കേണ്ടിവന്നതിനാല്‍ പകരമായി ചടയമംഗലം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍, ചടയമംഗലത്തിന് പകരം കരുനാഗപ്പള്ളി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിര്‍ദേശം കോണ്‍ഗ്രസ്സിന് സ്വീകാര്യമായില്ല. ഇതോടെ ഇനി രണ്ടു സാധ്യതകളാണു നിലനില്‍ക്കുന്നത്. കുന്നമംഗലം കോണ്‍ഗ്രസ്സിന് നല്‍കി ബാലുശ്ശേരി ലീഗ് ഏറ്റെടുക്കുകയും തെക്കന്‍ കേരളത്തില്‍ ഇരവിപുരത്തിന് പകരം ചടയമംഗലം ലീഗിന് നല്‍കുകയും ചെയ്യും. അല്ലെങ്കില്‍, കുന്നമംഗലത്തിനൊപ്പം ബാലുശ്ശേരി കൂടി ലീഗിനു നല്‍കി പ്രശ്‌നപരിഹാരം ഉണ്ടാക്കുകയെന്നതാണ് രണ്ടാമത്തെ സാധ്യത. ചടയമംഗലം വിട്ടുനല്‍കുന്നതിനെതിരേ കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടയ്ക്കലില്‍ പ്രകടനം നടത്തി. അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ലെങ്കിലും രണ്ടാംഘട്ട പ്രചാരണത്തിലേക്കു കടക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായുള്ള ജില്ലാതല കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ 4 മുതല്‍ 18 വരെ ചേരാന്‍ യുഡിഎഫ് സംസ്ഥാന ഏകോപനസമിതി യോഗം തീരുമാനിച്ചു. മലപ്പുറത്ത് നാലിനും കൊല്ലത്ത് അഞ്ചിനും തിരുവനന്തപുരത്ത് ആറിനും കോഴിക്കോട്ട് ഏഴിനും വയനാട്ടില്‍ എട്ടിനും പത്തനംതിട്ടയില്‍ ഒമ്പതിനും ആലപ്പുഴയില്‍ 10നും കാസര്‍കോട്ട് 11നും കോട്ടയത്ത് 12നും ഇടുക്കിയില്‍ 13നും എറണാകുളത്ത് 15നും പാലക്കാട്ട് 16നും കണ്ണൂരില്‍ 18നും കണ്‍വന്‍ഷന്‍ നടക്കും.
Next Story

RELATED STORIES

Share it