kozhikode local

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്

വടകര: നഗരസഭയിലെ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടാനിടയായ സാഹചര്യത്തിലും വോട്ട് ചോര്‍ച്ചയിലൂടെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനിടയായതിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. നേതൃത്വത്തിന്റെ പിടിപ്പുകേടും കെപിസിസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നത്.
30 ശതമാനം സീറ്റുകള്‍ യൂത്തിനു നല്‍കണമെന്ന കെപിസിസി തീരുമാനം പാലിക്കാതെയാണ് വടകരയില്‍ ഇത്തവണ മല്‍സരത്തിനായി കോണ്‍ഗ്രസ് ഇറങ്ങിയത്. ജയസാധ്യതയില്ലാത്ത ഒരു സീറ്റുമാത്രമാണ് യൂത്തിനു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നഗരസഭയില്‍ ആദ്യമായി ബിജെപി എത്തിയത് കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകള്‍ നേടിയാണ്. അതാത് വാര്‍ഡുകളിലെ പ്രാദേശിക നേതാക്കന്‍മാരുടെ പിടിപ്പുകേടും വോട്ട് ചോര്‍ച്ചയുമാണ് ഇത് കാണിക്കുന്നത്.
പട്ടികജാതി സംവരണ വാര്‍ഡായ കുരിയാടിയില്‍ മുന്‍ കൗണ്‍സിലര്‍ ടിവി സുധീര്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശം പാലിക്കാത്തതാണ് ഈ സീറ്റ് ബിജെപിക്കു ലഭിക്കാന്‍ കാരണം. തീരദേശ മേഖലയില്‍ അന്യനാട്ടുകാരനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനാ നേതാവ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതും പരാജയത്തിനു കാരണമായതായി യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. മല്‍സ്യത്തൊഴിലാളി മേഖലയില്‍ നിന്നു കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനാ നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വന്നതും ജനങ്ങള്‍ കോണ്‍ഗ്രസിനെതിരെ വോട്ടുചെയ്യാനിടയായതായി യൂത്ത് കോണ്‍ഗ്രസ് പറയുന്നു.
നഗരസഭക്കു പുറത്ത് കോ ണ്‍ഗ്രസ് നേട്ടം കൊയ്തപ്പോള്‍ നഗരസഭയില്‍ നിലവിലുണ്ടായിരുന്ന ഒമ്പത് സീറ്റ് ആറായി ചുരുങ്ങി. ഭരണം നേടാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും തോല്‍വിയിലേക്ക് നയിച്ചതും ഇക്കാലയളവില്‍ നഗരസഭയില്‍ 15 സീറ്റുപോലും നേടാന്‍ കഴിയാത്തതും ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് യൂത്ത് കോണ്‍ഗ്രസ് വിലയിരുത്തി.
കഴിഞ്ഞ 35 വര്‍ഷമായി തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നവര്‍ തന്നെയാണ് ഇപ്പോഴും രംഗത്തുള്ളത്. ഇവരുടെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ് അന്വേഷണ കമ്മീഷന്‍ എന്ന പ്രഹസനമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി ബ്ലോക്ക് എക്‌സിക്യുട്ടീവ് യോഗം വിളിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. പി ടികെ നജ്മല്‍ അധ്യക്ഷനായി. സഹീര്‍ കാന്തിലോട്ട്, സി നിജിന്‍, നൗഷാദ് കാര്‍ത്തികപ്പള്ളി, സുബിന്‍ ഒഞ്ചിയം സംസാരിച്ചു.
Next Story

RELATED STORIES

Share it