Editorial

കോണ്‍ഗ്രസ് നേതൃത്വം വന്‍ പ്രതിസന്ധിയില്‍

വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ജനോപകാരപ്രദമായ നിരവധി നടപടികള്‍ സ്വീകരിച്ച സര്‍ക്കാരായിട്ടുപോലും മുന്നണിയിലെ പടലപ്പിണക്കങ്ങളും കോണ്‍ഗ്രസ്സിലെ ആഭ്യന്തര വഴക്കുകളും കാരണം നിറംകെട്ട് സമൂഹമധ്യത്തില്‍ അപഹാസ്യമായ മട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് പാര്‍ട്ടി. ഏതാനും മാസങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട പാര്‍ട്ടിയും മുന്നണിയും ഇന്ന് അതിന് തീര്‍ത്തും അശക്തരും ദുര്‍ബലരുമായാണ് പ്രത്യക്ഷപ്പെടുന്നത്.
എന്താണ് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര ശൈഥില്യത്തിലേക്കു നയിക്കുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണം എന്നു പാര്‍ട്ടി നേതൃത്വവും ഹൈക്കമാന്‍ഡും ഒരു പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായി ഒരു വികസനക്കുതിപ്പാണ് ഭരണകൂടം ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്. സാമ്പത്തിക മുരടിപ്പും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം മനംമടുത്ത മലയാളിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി നേരിട്ടു ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ സുതാര്യ ഭരണസംവിധാനങ്ങളും രീതികളും ആകര്‍ഷകമായി ഭവിക്കുകയും ചെയ്തു. പക്ഷേ, ഇതു സ്ഥാപിത താല്‍പര്യക്കാരും സേവകവൃന്ദവും തങ്ങളുടെ കാര്യസാധ്യത്തിനായി ദുരുപയോഗം ചെയ്തു എന്നത് വാസ്തവം. എന്നിരുന്നാലും മുഖ്യമന്ത്രിയോടുള്ള ജനങ്ങളുടെ ബഹുമാനമോ അദ്ദേഹത്തിലുള്ള വിശ്വാസമോ ഒരുഘട്ടത്തിലും ഉലയുകയുണ്ടായില്ല.
പക്ഷേ, തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിടുന്നത്. സോളാര്‍ കേസില്‍ സംഭവിച്ച തെറ്റുകള്‍ കാരണം അദ്ദേഹം ഒരു അന്വേഷണ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുന്ന ആദ്യ മുഖ്യമന്ത്രിയായി ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചതില്‍ തന്റെ തന്നെ അനവധാനതയും ശ്രദ്ധക്കുറവും കാരണമായി എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിയുകയാണെങ്കില്‍ നല്ലത്.
പാര്‍ട്ടിയിലെ സ്ഥിതി അതിലേറെ ദയനീയമാണ്. പ്രതിപക്ഷങ്ങളുടെ കടന്നാക്രമണത്തെ നേരിടാനുള്ള യാതൊരു തയ്യാറെടുപ്പും കരുത്തും ഇല്ലാത്ത വിധത്തില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കിടമല്‍സരത്തിന്റെ വേദിയായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മാറിക്കഴിഞ്ഞിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പാര്‍ട്ടിയുടെ ഏറ്റവും സമുന്നതരായ പ്രവര്‍ത്തകരില്‍നിന്നു പോലും എത്രയോ അകന്നാണു കഴിയുന്നത്.
ചുരുക്കത്തില്‍ ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും അവര്‍ വിജയിക്കുകയായിരുന്നു. അത് അമിത ആത്മവിശ്വാസത്തിന്റേതായ ഒരു അന്തരീക്ഷമാണ് സംജാതമാക്കിയത്. ഇപ്പോള്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായി മാറിയിരിക്കുന്നു. എന്തുകൊണ്ട് പാര്‍ട്ടിയില്‍ യോജിപ്പും രഞ്ജിപ്പും അസാധ്യമായി തുടരുന്നു എന്ന കാര്യത്തെ സംബന്ധിച്ച് ഉള്ളുതുറന്ന ഒരു സ്വയംവിമര്‍ശനത്തിന് എല്ലാവരും തയ്യാറായാല്‍ നല്ലതുതന്നെ.
Next Story

RELATED STORIES

Share it