Kollam Local

കോണ്‍ഗ്രസ് നേതാവിന്റെ തട്ടകത്തില്‍ പരാജയം; പാര്‍ട്ടിയില്‍ പൊട്ടിത്തെറി

കരുനാഗപ്പള്ളി: ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കുലശേഖരപുരത്ത് കേണ്‍ഗ്രസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പത്തുവര്‍ഷമായി കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ഇക്കുറിനടന്ന തിരഞ്ഞെടുപ്പില്‍ നഷ്ടമായത്. ഏഴാം വാര്‍ഡായ നീലിക്കുളമാണ് കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റും മുന്‍വാര്‍ഡ് മെംബറും ബ്ലോക്ക് സെക്രട്ടറിയും നിലകൊള്ളുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിനേറ്റ പരാജയം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിരക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 400വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിടത്ത് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജിതയ്ക്ക് ആകെ കിട്ടിയ വോട്ട് 366ആണ്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയതാകട്ടെ 646 വോട്ടും. 276 വോട്ടിന്റെ ഭൂരിപക്ഷത്താലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് നേതാക്കന്മാരുടെ തട്ടകത്തില്‍ പരാജയും ഏറ്റുവാങ്ങേണ്ടി വന്നത് കഴിഞ്ഞദിവസം വൈകീട്ട് കൂടിയ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കി. ചില നേതാക്കന്മാര്‍ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ തയ്യാറായതായും സൂചനയുണ്ട്. ജയിക്കാന്‍ ഏറെക്കുറെ സാഹചര്യം ഉണ്ടായിരുന്നിടത്ത് ഒരുസമുദായത്തിന്റെ പ്രബലമായ സംഘടന ഇടപെട്ട് ജാതിപറഞ്ഞ് ഫോണില്‍കൂടി വോട്ട് മറിച്ചതായി പരക്കെ ആക്ഷേപമുയരുന്നു. ആകെ നീലികുളം എഴാംവാര്‍ഡില്‍ ഉണ്ടായിരുന്ന വോട്ട് 1560ആണ്. ഇതില്‍ വോട്ട് നടന്നത് 1269ഉം. ബിജെപി 257വോട്ടും നേടി. 23വാര്‍ഡുകളുള്ള കുലശേഖരപുരം പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ തിരഞ്ഞെടുപ്പ് ഏവരാലും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഏതായാലും കുലശേഖരപുരത്ത് കോണ്‍ഗ്രസിനേറ്റ പരാജയം വന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it