palakkad local

കോണ്‍ഗ്രസ് നേതാവിനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

പട്ടാമ്പി: കോണ്‍ഗ്രസ് നേതാവിനെ പട്ടാമ്പി എസ് ഐ ക്രൂരമായി മര്‍ദിച്ചു. അംഗന്‍വാടി വര്‍കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും ഡിസിസി മെമ്പറുമായ കൊപ്പം സ്വദേശി പി. സുന്ദരനെയാണ് മര്‍ദിച്ചത്. പുതുതായി ചാര്‍ജെടുത്ത പട്ടാമ്പി എസ് ഐ ലൈസാദ് അഹമ്മദാണ് മര്‍ദിച്ചത്.
സുന്ദരനെ അറിയാവുന്ന മറ്റു പോലിസുകാര്‍ എസ്.ഐയുടെ മര്‍ദനത്തില്‍നിന്നും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ വൈകീട്ട് തിരുവേഗപ്പുറ നരിപ്പറമ്പ് സ്‌കൂളിന് സമീപത്തെ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ അന്യസംസ്ഥാന തൊഴിലാളിക്കെതിരായ പരാതി അന്വേഷിക്കാനാണ് പട്ടാമ്പി എസ് ഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘം ഇവിടെ എത്തിയിരുന്നത്.വളാഞ്ചേരിയില്‍നിന്നും കൊപ്പത്തേക്ക് വരികയായിരുന്ന സുന്ദരനും സഹപ്രവര്‍ത്തകരും ഓഡിറ്റോറിയത്തിന് സമീപം ആളുകള്‍ തടിച്ചുകൂടിയത് കണ്ട് ചെന്നതായിരുന്നു. എന്നാല്‍ തടിച്ചുകൂടിയവരെ എസ് ഐ ലാത്തിവീശി ഓടിച്ചെങ്കിലും സുന്ദരന്‍ അവിടെതന്നെ നിന്നതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ സുന്ദരനെ പൊതിരെ തല്ലി. ഷര്‍ട്ട് വലിച്ചൂരി. പോലിസ് ജീപ്പിലേക്ക് എടുത്ത് എറിയുകയും ചെയ്തു.
തിരുവേഗപ്പുറയില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റേഷനില്‍ എത്തുംവരെ പോലിസ് ജീപ്പിലിട്ടും മര്‍ദനം തുടര്‍ന്നതായി സുന്ദരന്‍ പറഞ്ഞു. സ്റ്റേഷനിലെത്തിച്ച സുന്ദരനെ കൊപ്പത്തുനിന്നും കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് മോചിപ്പിച്ചത്. പോലീസ് മര്‍ദനത്തില്‍ അവശനായ ഇയാളെ പട്ടാമ്പി താലൂക്ക് ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ പോലിസ് മര്‍ദനത്തിന്റെ പാടുകളുണ്ട്. ഷൊര്‍ണൂര്‍ എസ്‌ഐയായിരുന്ന ലൈസാദ് അഹമ്മദ് കഴിഞ്ഞ ദിവസമാണ് പട്ടാമ്പിയില്‍ ചാര്‍ജെടുത്തത്. പോലിസില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സല്‍പേര് കളങ്കപ്പെടുത്തുംവിധമാണ് എസ്.ഐയുടെ പ്രവര്‍ത്തനമെന്ന് പരാതിയുണ്ട്. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് നൂറുദ്ദീനെ ടെലഫോണില്‍ അസഭ്യം പറഞ്ഞതിന് ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്.ആള്‍ക്കൂട്ടത്തെ ലാത്തിവീശി പേടിപ്പിക്കുന്ന വിനോദം ലൈസാദ് അഹമ്മദിനുള്ളതായി പറയപ്പെടുന്നു.
Next Story

RELATED STORIES

Share it