Idukki local

കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ; വനിതാ സ്ഥാനാര്‍ഥി കെപിസിസിക്ക് പരാതിനല്‍കി

തൊടുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിക്കുന്ന പാര്‍ടിയുടെ വനിതാ സ്ഥാനാര്‍ഥിയുടെ പരാതി ചര്‍ച്ചയാവുന്നു.പരാജയപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് കാണിച്ചാണ് മുനിസിപ്പാലിറ്റിയിലെ പത്താം വാര്‍ഡിലെ പാര്‍ടി സ്ഥാനാര്‍ഥി ആനി ജോര്‍ജ് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും പരാതി നല്‍കിയത്.തന്റെ തോല്‍വിക്ക് പിന്നില്‍ വാര്‍ഡ് പ്രസിഡന്റ് മാത്യു, ഡിസിസി മെംബര്‍ സി ഇ മൈതീന്‍,മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ ചീമ്പാറ, മണ്ഡലം എക്‌സിക്യുട്ടീവ് ഷംസ് കിളിയനാല്‍ യുത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കെ ജോസ്, കെ എസ് യു നേതാവ് സി എം മുനീര്‍ എന്നിവരാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയ സമയത്ത് ഇവര്‍ മറ്റൊരാളുടെ പേര് നിര്‍ദേശിച്ചിരുന്നു.
മേല്‍ കമ്മിറ്റി ആനി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. പിന്നീട് പ്രചാരണ സമയത്ത് ഇവര്‍ അപവാദങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തി തനിക്കെതിരെ പ്രവര്‍ത്തിച്ചു. ഇത് മനസിലാക്കിയ വാര്‍ഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടു പ്രശ്‌നം തീര്‍പ്പാക്കി. എന്നാല്‍, ഇതിന് ശേഷവും ഇവര്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നു. വാട്ടര്‍മാരെ ഫോണില്‍ വിളിച്ചും നേരിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ഇതിനു പുറമേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പണമിറക്കി.
പോസ്റ്റര്‍, ബാനര്‍ എന്നിവ അച്ചടിച്ചു നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പല രീതിയിലുള്ള നോട്ടീസുകള്‍ അച്ചടിച്ചിറക്കുകയും ചെയ്തു. വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അവര്‍ ജയിക്കുമെന്ന വിശ്വസമില്ലായിരുന്നു. എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ തൊട്ടടുത്ത വാര്‍ഡിലെ എല്‍ഡിഎഫ് വോട്ടുകള്‍ യുഡിഎഫിന് നല്‍കാനും ഇതിന് പകരമായി പത്താം വാര്‍ഡില്‍ യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ച് നല്‍കാനും തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പണിയെടുത്തവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അല്ലാത്തപക്ഷം വരും കാലങ്ങളില്‍ വാര്‍ഡിലെ യുഡിഎഫ് സംവിധാനം സുഗമമായി മുന്നോട്ട് കൊണ്ട് പോവാനാകില്ലെന്നും പരാതിയില്‍ പറയുന്നു. ഡിഡിഡി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ജില്ലയിലെത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവിനും പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it