കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഒളിയമ്പുമായി സുധീരന്‍

തിരുവനന്തപുരം: ടി എന്‍ പ്രതാപന്‍ മല്‍സരത്തില്‍ നിന്നു പിന്‍മാറിയതിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേ ഒളിയമ്പെയ്ത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നാലു തവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാട് കടുപ്പിച്ച് ഗ്രൂപ്പ് നേതൃത്വങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് സുധീരന്റെ നീക്കം.
തീരുമാനത്തില്‍ ടി എന്‍ പ്രതാപനെ അഭിനന്ദിച്ച വി എം സുധീരന്‍ ദീര്‍ഘകാലം പാര്‍ലമെന്ററി പദവികളില്‍ ഇരുന്നിട്ടും വീണ്ടും മല്‍സരിക്കാന്‍ വ്യഗ്രത കാണിക്കുന്ന വി എസ് അച്യുതാനന്ദന് ഇത് മാതൃകയാക്കാവുന്നതാണെന്നും പറഞ്ഞിരുന്നു. വിഎസ്സിനെ വലിച്ചിഴച്ച് കോണ്‍ഗ്രസ്സിലെ നേതാക്കളെ തന്നെയാണ് സുധീരന്‍ ലക്ഷ്യമിട്ടത്. കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി കൂടുതല്‍ തവണ മല്‍സരിച്ചവരെ ഒഴിവാക്കണമെന്ന് സുധീരന്‍ ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ഒരു പൊതുമാനദണ്ഡം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതിനിടയിലാണ് സുധീരന്റെ വിശ്വസ്തനായ പ്രതാപന്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നത്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാന്‍ ഇത്തവണ പിന്‍മാറുന്നുവെന്നാണ് പ്രതാപന്‍ പറയുന്നത്. കൊടുങ്ങല്ലൂര്‍ വിട്ട് മണലൂരില്‍ മല്‍സരിക്കാന്‍ പദ്ധതിയിട്ടിരുന്ന പ്രതാപന്‍ പൊടുന്നനെ പിന്മാറിയതും സുധീരന്റെ അറിവോടെയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധീരന്റെ സമ്മര്‍ദത്തിനും വിലപേശലിനും വഴങ്ങേണ്ടെന്ന് എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി തീരുമാനിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സുധീരന്റെ നീക്കം.
അതേസമയം, സുധീരന്റെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോട് മുഖത്തുനോക്കി പറയാന്‍ ചങ്കുറപ്പ് ഇല്ലാത്തതിനാലാണ് സുധീരന്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് വിഎസ് പറഞ്ഞു. എന്നാല്‍, മല്‍സരിക്കുന്ന കാര്യം പറയുമ്പോള്‍ വിഎസ് എന്തിനാണ് പ്രകോപിതനാവുന്നതെന്നായിരുന്നു ഇതിനോടുള്ള വി എം സുധീരന്റെ പ്രതികരണം.
Next Story

RELATED STORIES

Share it