kozhikode local

കോണ്‍ഗ്രസ് നേതാക്കളെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

കോഴിക്കോട്: കോര്‍പറേഷന്‍ സീറ്റ് നിര്‍ണയത്തില്‍ പ്രശ്‌നങ്ങള്‍ ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. മതിയായ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ സമിതിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കോര്‍പറേഷനിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രൂപീകരിച്ച സമിതിയുടെ യോഗം അളകാപുരി ഹോട്ടലില്‍ നടക്കുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധവുമായെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി പി നൗഷിര്‍, ഷിബു, ഷമീജ് പാറോപ്പടി, നിമേഷ്, കരീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ അളകാപുരിയിലെത്തിയത്. അഞ്ചു വാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണെങ്കിലും ഒന്നുപോലും നല്‍കിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ഇടക്കിടെ ചര്‍ച്ചാ ഹാളിലേക്ക് തള്ളിക്കയറി.കഴിഞ്ഞ വര്‍ഷം ലഭിച്ച അഞ്ച് സീറ്റില്‍ മൂന്നിലും വിജയിച്ചിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നല്ല പ്രവര്‍ത്തനം കാഴ്ച്ചവച്ച കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത്തവണ സീറ്റ് നല്‍കുന്നില്ല. സീറ്റുകളെല്ലാം ഘടക കക്ഷികള്‍ക്കു നല്‍കാനാണ് ശ്രമം നടക്കുന്നത്. ഇതുവഴി നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. എരഞ്ഞിപ്പാലം വാര്‍ഡില്‍ പരിഗണിക്കുന്ന രണ്ടു സ്ഥാനാര്‍ഥികള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഇവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവരും. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ രൂപീകരിച്ച സമിതിയിലെ നാലു പേരെ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്.

ഒരാള്‍ മകള്‍ക്കു സീറ്റു ഉറപ്പിച്ചു. ചാലപ്പുറത്ത് നിയാസ് എന്നയാളെ നൂലില്‍ കെട്ടിയിറക്കി സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങളെ എതിര്‍ക്കും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ കെ.പി.സി.സിയുടെ മാനദണ്ഡം പാലിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് കെ സി അബു, എം കെ രാഘവന്‍ എം.പി, എം ഐ ഷാനവാസ് എം.പി. തുടങ്ങി നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. നിരവധി കൗണ്‍സിലര്‍മാര്‍ക്കും പഞ്ചായത്ത് ഭാരവാഹികള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത  എതിര്‍പ്പുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ പ്രതിഷേധം. സംഘടനയുടെ വിവിധ തുറകളിലുള്ളവര്‍ പ്രതിഷേധത്തിനൊപ്പം അളകാപുരിയിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it