kozhikode local

കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നടപടി: യുഡിഎഫ് പ്രതിഷേധകൂട്ടായ്മയും പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തും

കോഴിക്കോട്: രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സദാചാര പോലിസ് ചമഞ്ഞ് വടകരയില്‍ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നടപടിക്കെതിരേ പ്രതിഷേധ കൂട്ടായ്മയും പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് കെ സി അബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഫിയബന്ധമുള്ള ഡിവൈഎഫ്‌ഐ ഗുണ്ടകളും അവരുടെ അടുപ്പക്കാരായ ചില പോലിസുദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് വടകരയില്‍ നടന്ന സംഭവം. രാഷ്ട്രീയവൈരാഗ്യം മുന്‍നിര്‍ത്തിയുള്ള സദാചാര ഗുണ്ടായിസത്തിന് കൂട്ടുനിന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വടകര എസ്‌ഐ ഹരീഷിനെയും, ഗ്രേഡ് എസ്‌ഐ ബാബുരാജിനെയും മാറ്റിനിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണം. ഡിവൈഎഫ്‌ഐയുടെ മ്ലേച്ഛമായ പ്രതികാര നടപടിയിലും അവരുമായുള്ള പോലിസുദ്യോഗസ്ഥരുടെ അവിശുദ്ധബന്ധത്തിലും പ്രതിഷേധിച്ച് ഈ മാസം 15ന് വൈകീട്ട് വടകര കോട്ടപ്പറമ്പില്‍ ജനകീയ കൂട്ടായ്മയും, 21ന് രാവിലെ വടകര പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തും.
മുരളിയോടുള്ള വ്യക്തിപരവും രാഷ്ട്രീയപരവുമായ വിരോധം കാരണം ഡിവൈഎഫ്‌ഐക്കാരും ചില പോലിസുകാരും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് സദാചാര പോലിസ് ചമഞ്ഞുള്ള ഗുണ്ടായിസം നടന്നതെന്ന് കെ സി അബു അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവും തിരുവള്ളൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെ അവഹേളിക്കുന്നതിനായി മഹിള കോണ്‍ഗ്രസ് നേതാവിനെയും കരുവാക്കിയ ഡിവൈഎഫ്‌ഐ നടപടി പരിഷ്‌കൃതസമൂഹത്തിന് ചേരാത്തത്ര മ്ലേച്ഛ പ്രവൃത്തിയാണ്. ചുംബനസമരത്തെ പോലും പരസ്യമായി അനുകൂലിച്ച ഡി ൈവഎഫ്‌ഐയെ, സദാചാര പോലിസിന്റെ വേഷമണിയാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്ന് സിപിഎം വ്യക്തമാക്കണം. സ്വദേശി ലേബര്‍ കോണ്‍ട്രാക്ട് ആന്റ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായ മുരളിയും ജോലിയില്‍ പ്രവേശിക്കാനെത്തിയ മഹിളാ കോണ്‍ഗ്രസ് നേതാവും കീര്‍ത്തി തീയേറ്ററിന് സമീപത്തെ ഓഫിസിനുള്ളില്‍ രാവിലെ 11 മണിയോടെ കടന്നയുടന്‍ ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു. സ്ഥാപനത്തിലെ വനിതാ ജീവനക്കാരി പുറത്തുപോയ ഉടനെ ഷട്ടര്‍ അടച്ച സംഘം, ആസൂത്രിതമായി നേരത്തെ തയ്യാറാക്കിവെച്ച പോസ്റ്ററുകള്‍ സമീപത്തെ മതിലുകളില്‍ പതിക്കുകയും ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും അപ്‌ലോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജപ്രചരണം നടത്തുകയും ചെയ്തു. എന്നാല്‍ സ്ഥലത്തെത്തിയ പോലിസ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക പോലും ചെയ്യാതെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ഏറെ നേരം സ്‌റ്റേഷനിലിരുത്തി. വൈദ്യപരിധോശന നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന മുരളിയുടെയും സിന്ധുവിന്റെയും ആവശ്യം ആദ്യം നിരാകരിച്ച പോലിസ് പിന്നീട് ഇരുവരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഉറച്ച നിലപാട് കാരണമാണ് അതിനനുവദിച്ചത്.
ഇരുവരെയും കസ്റ്റഡിയിലെടുത്തതിനെതിരെ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് കെ സി അബു പറഞ്ഞു. സംഭവത്തില്‍ ഐജി തലത്തിലുള്ള ഒരന്വേഷണം വേണമെന്ന് ആഭ്യന്തരമന്ത്രിയോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ആടിനെ പട്ടിയാക്കുന്ന ഡിവൈഎഫ്‌ഐ നടപടി—ക്ക് കൂട്ടുനിന്ന വടകര പോലിസ് സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്കെതിരെ ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. യുവജനസംഘടനയുടെ ചെയ്തികളോട് സിപിഎം ജില്ലാ നേതൃത്വം എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ സി അബൂ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it