കോണ്‍ഗ്രസ്: തോറ്റവന്റെ സുവിശേഷം

വിജു വി നായര്‍

തോല്‍വി മനുഷ്യരെ പാഠംപഠിപ്പിക്കും എന്നതൊരു ഭംഗിവാക്കാണ്. അല്ലെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ, ഏതു തോല്‍വിയാണ് നമ്മളെ യഥാര്‍ഥത്തില്‍ പഠിപ്പിച്ചിട്ടുള്ളത്? വല്ലതും പഠിച്ചിരുന്നെങ്കില്‍ തോറ്റവന്‍ സ്വയം മാറിപ്പോവില്ലായിരുന്നോ? തോല്‍വി മനുഷ്യരെ ന്യായീകരണപടുക്കളാക്കി തീര്‍ക്കുക മാത്രമാണ് മിക്കപ്പോഴും. പുറമേക്കു മറിച്ചു നടിക്കുമെങ്കിലും ഉള്ളാലെ കാര്യമായ പരിവര്‍ത്തനമൊന്നും നടക്കാറില്ല. മുഖ്യ വിലങ്ങുതടി ഇപ്പറഞ്ഞ സ്വയംന്യായീകരണപ്രവണത തന്നെ. കോണ്‍ഗ്രസ്സിന്റെ കാര്യമെടുക്കാം. ഇക്കുറി കേരളത്തില്‍ പാര്‍ട്ടിയെ പറ്റിച്ചത് സ്വന്തം ഭരണകേസരികള്‍ മാത്രമല്ല, ഒടുവിലായി നമ്മുടെ രഹസ്യ പോലിസുകാര്‍ കൂടിയാണ്. 78 സീറ്റ് ഉറപ്പെന്നായിരുന്നു ഇന്റലിജന്‍സ് ഏമാന്മാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്ത റിപോര്‍ട്ട്. ഇമ്മാതിരി 'ഇന്റലിജന്‍സ്' വച്ചാണ് 95 ശതമാനം കേസുകളിലും ടിയാന്‍മാര്‍ റിപോര്‍ട്ട് കൊടുക്കാറുള്ളതെന്ന കാര്യം തുടര്‍ഭരണവ്യഗ്രതയില്‍ ചാണ്ടി ഓര്‍ത്തില്ല. അതുകൊണ്ട് കൗണ്ടിങിന്റെ തലേന്നുപോലും നമ്മുടെ ഗാന്ധിയന്‍മാര്‍ തുടര്‍ഭരണം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ഇത് യാഥാര്‍ഥ്യബോധം മൂലമുണ്ടായ ആത്മവിശ്വാസമായിരുന്നില്ല. മറിച്ച്, മിഥ്യാബോധത്തിലുള്ള അഭിരതിമൂലമുണ്ടായ അന്ധതാവിശ്വാസമായിരുന്നു. അന്ധതബാധിച്ചാല്‍ ഏതു വിശ്വാസവും ആളെ കോമാളിയാക്കും. മുന്‍ കള്ളുമന്ത്രി ബാബു ഇപ്പോള്‍ പറഞ്ഞുനടക്കുന്ന 'ന്യായ'ങ്ങള്‍ സാക്ഷി. പാര്‍ട്ടിക്കു വേണ്ടാത്തവന്‍ എന്ന പ്രചാരണമാണ് തനിക്കു പാരയായത് എന്നതാണ് ബാബുവിന്റെ അടിവര. നേരെന്താണ്? പാര്‍ട്ടിക്കെന്നല്ല പൊതുപൗരാവലിക്കു തന്നെ അനഭിലഷണീയമായ പണിയാണ് മന്ത്രി എന്ന റോളില്‍ ടിയാനെടുത്തിരുന്നത്. അതുപക്ഷേ, ബാബുവിന് സ്വയം തോന്നില്ല. കാരണം, ദീര്‍ഘകാലമായി ഈ സൈസ് പ്രവര്‍ത്തനമാണ് ടിയാനെപോലുള്ളവരുടെ സ്ഥായി. ബാബുവിന്റെ പക്ഷത്തുനിന്നു നോക്കിയാല്‍ ടിയാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളെന്ന നിലയ്ക്ക് ചാണ്ടിക്കു വേണ്ടി ആത്മാര്‍ഥതയോടെ പലതും ചെയ്തുകൊടുത്തു. ഇതാണ് ബാബുവിന്റെ/ഇത്തരക്കാരുടെ പാര്‍ട്ടിസേവ. സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ഇതുപോലെ വ്യക്തിഗതമായി പലതും സാധിച്ചുകൊടുത്തു. അതാണ് ടിയാന്റെ ജനസേവ. ഈ രണ്ടു സേവകള്‍ ചേര്‍ത്തുവച്ചാല്‍ ബാബുവിനെപ്പോലുള്ളവരുടെ രാഷ്ട്രീയപ്രവര്‍ത്തനമായി. ടി രാഷ്ട്രീയം പാര്‍ട്ടി വേണ്ടത്ര പരിഗണിച്ചില്ല എന്നതാണ് ബാബുവിന്റെ ആവലാതി. സത്യത്തില്‍ ഈ രാഷ്ട്രീയപ്രവര്‍ത്തനത്തിലുണ്ട് കോണ്‍ഗ്രസ്സിന്റെ മിക്ക പ്രശ്‌നങ്ങളുടെയും കാതല്‍. പാര്‍ട്ടിക്കുള്ളില്‍ പലതരം അധികാരകേന്ദ്രങ്ങള്‍. സൗകര്യംപോലെ അതില്‍ ഏതെങ്കിലും ഒന്നിന്റെ മൂടുതാങ്ങുക. പുറത്ത് ഏതെങ്കിലും മണ്ഡലത്തിലെ ആളുകളുടെ ശുപാര്‍ശാ ദല്ലാളാവുക. ഈ ദ്വിമുഖ പ്രവര്‍ത്തനത്തിനപ്പുറമുള്ള രാഷ്ട്രീയതയൊന്നും ബഹുഭൂരിപക്ഷം ഖാദിക്കാര്‍ക്കുമില്ല. അധികാരമാണ് ഇത്തരക്കാരെ പാര്‍ട്ടിയോട് ഒട്ടിച്ചുനിര്‍ത്തുന്ന വജ്രപ്പശ. ഏതാണ്ടൊരു കേമത്തംപോലെ പറയാറുണ്ട്, കോണ്‍ഗ്രസ് ഒരാള്‍ക്കൂട്ടമാണെന്നും അതിന് വലിയൊരു ജനാധിപത്യപ്രകൃതമാണെന്നും. ഇത്തരം ന്യായീകരണങ്ങളാണ് കോണ്‍ഗ്രസ്സുകാര്‍ യഥാവിധി പഠിക്കാത്തതും വകതിരിവിനെ അന്യമാക്കുന്നതും. മൂന്നാമത്, ആള്‍ക്കൂട്ടങ്ങളുടെ ആകര്‍ഷണം അധികാരമാണ്. യഥാവിധിയോ യോഗ്യാനുസാരിയോ ആയ അധികാരലബ്ധിയല്ല ഇവിടെ ഉന്നം. കുറുക്കുവഴികളിലൂടെ, അല്ലെങ്കില്‍ എളുപ്പവഴികളിലൂടെയുള്ള നുഴഞ്ഞുകയറ്റമാണ്. അധികാരത്തിലേക്കുള്ള ചാവി തങ്ങളുടെ പക്കലുണ്ട്, തങ്ങളെ സേവിച്ചുനിന്നാല്‍ അപ്പകഷണത്തില്‍ പങ്കുപറ്റാം എന്നതാണ് പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങളുടെ പ്രലോഭനം. കേന്ദ്രത്തില്‍ അത് നെഹ്‌റു കുടുംബം നിര്‍വഹിക്കുന്നു; പ്രാദേശികതലത്തില്‍ ഗ്രൂപ്പുതലവന്‍മാരും. ഈ ഒത്തുപൊരുത്തത്തിലാണ് സംഘടന പുലരുന്നത്. ആര്‍ക്കും കടന്നുവരാം, ഈ പുലര്‍ച്ചയുടെ ഗുണഭോക്താവാകാം എന്നതാണ് കോണ്‍ഗ്രസ് തുറന്നിടുന്ന സവിശേഷ സ്വാതന്ത്ര്യം. അവിടെത്തന്നെയാണ് പ്രശ്‌നവും. ഒന്നാമത്, ഇത്തരം സംഘംചേരലിന്റെ അടിസ്ഥാനം കോണ്‍ഗ്രസ്സുകാര്‍ കരുതുംപോലെ ജനാധിപത്യപരമല്ല. വ്യക്തിപരമായ താല്‍പര്യങ്ങള്‍, അതിന്റെ അനന്തരപടിയായ ഗ്രൂപ്പുതാല്‍പര്യങ്ങള്‍... അതങ്ങനെ ശക്തിപ്പെടുന്നു. ഇനമേതായാലും സംഗതി ജനഹിതപരമോ രാഷ്ട്രീയപരമോ അല്ല. അധികാരക്കവര്‍ച്ചയ്ക്കുവേണ്ടിയുള്ള സ്വകാര്യ ശബ്ദങ്ങളാണ് ജനാധിപത്യരാഷ്ട്രീയത്തിന്റെ മറയില്‍ ഉയരുന്നതെന്നു സാരം. അതങ്ങനെ ഉയര്‍ത്താനുള്ള ചുറ്റുവട്ടനിര്‍മിതിയാണ് അയഞ്ഞ ചട്ടക്കൂടും തുറന്ന സ്വാതന്ത്ര്യവും എന്ന കിളിപ്പാട്ട്. വസ്തുനിഷ്ഠമായ ജനാധിപത്യസംഘാടനം സമര്‍ഥമായി ഒഴിവാക്കിയെടുക്കാനുള്ള ഉറക്കുപാട്ടാണിതെന്ന നേര് അണികളും അനുഭാവികളും തിരിച്ചറിയുന്നില്ലെന്നതാണ് ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്ക് കോണ്‍ഗ്രസ്സിന്റെ പ്രാഥമിക രോഗം. ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അതിവേഗം പുറന്തള്ളപ്പെട്ടുവരുന്ന ചരിത്രകാലമാണിത്. സ്വാതന്ത്ര്യാനന്തരം ഈ പാര്‍ട്ടിയുടെ സര്‍വവ്യാപിയായ പ്രതാപം ഇന്ത്യക്കു സമ്മാനിച്ച ഒരു രാഷ്ട്രീയപ്രകൃതമുണ്ട്. കോണ്‍ഗ്രസ്സിസം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പൊതുപ്രകൃതം. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള കക്ഷികളെയെല്ലാം ഏറിയും കുറഞ്ഞും ഈ മട്ട് ബാധിച്ചിട്ടുണ്ട്. അധികാര രാഷ്ട്രീയത്തിലെ പയറ്റ് കോണ്‍ഗ്രസ്സിനോടായ വകയില്‍ പ്രതിയോഗികള്‍ക്കും ലഭിച്ച ബാധ. കോണ്‍ഗ്രസ്സിസത്തിന്റെ നാടുവാഴ്ചയില്‍ കോണ്‍ഗ്രസ്സിനു തന്നെയായിരുന്നു കേന്ദ്രസ്ഥാനം. എന്നാല്‍, എണ്‍പതുകളോടെ കീറോളില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മാറാന്‍ തുടങ്ങിയിരുന്നു. ബിജെപിയുടെ ശക്തിപ്പെടലോടെ ആ മാറ്റം ബലപ്പെടുകയായി. സത്യത്തില്‍ ബിജെപി ഉന്നമിടുന്നത് കോണ്‍ഗ്രസ്സിസത്തെ തകര്‍ത്ത് ഒരിന്ത്യന്‍ വലതുപക്ഷ രാഷ്ട്രീയത്തെ കേന്ദ്രസ്ഥാനത്ത് എത്തിക്കാനാണ്. അതിന്റെ ആദ്യപടിയായി കോണ്‍ഗ്രസ്സിസത്തിന്റെ തന്നെ അച്ചുതണ്ട്സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സിനെ തള്ളിക്കയറ്റി സ്വയം കയറുക. പിന്നീട് ആ സിസ്റ്റത്തെ മാറ്റാന്‍ എളുപ്പമാവും. ഇപ്പോള്‍ത്തന്നെ പലേടത്തും ബിജെപി വിരുദ്ധതയുടെ പേരില്‍ പുനസ്സംഘടിക്കുകയാണല്ലോ പല കക്ഷികളും. ഈ ചുറ്റുപാടില്‍ ഗുരുതരമായ അസ്തിത്വപ്രതിസന്ധി നേരിടുന്നത് കോണ്‍ഗ്രസ്സല്ലാതെ മറ്റാരുമല്ല. ഓരോ തിരഞ്ഞെടുപ്പ് തോല്‍ക്കുമ്പോഴും പഴയമാതിരി അടുത്ത തിരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാം എന്ന മനോരാജ്യത്തിലാണ് പാര്‍ട്ടി. ബാബുവിന്റെ തൃപ്പൂണിത്തുറ ന്യായംപോലുള്ള ഒരു തിമിരബാധയില്‍. വേണ്ടത് പ്രാഥമികങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ്. സംഘടന എന്ന നിലയ്ക്കുള്ള ജനായത്ത ജീവനാണ് കോണ്‍ഗ്രസ് അടിയന്തരമായി ഉദ്യമിക്കേണ്ട ഒന്നാം ദൗത്യം. ആള്‍ക്കൂട്ട ബിസിനസിന്റെ സുഖസൗകര്യങ്ങള്‍ കുടഞ്ഞുകളഞ്ഞ് ശരിയായ ജനാധിപത്യപ്രക്രിയയിലേക്കുള്ള പ്രവേശനം. താഴേത്തലം തൊട്ട് നേരാംവഴിയുള്ള തിരഞ്ഞെടുപ്പ് നടത്തുകയും മുകളിലെ ഓരോ തട്ടും ഇങ്ങനെ താഴേക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നവരെ വീണ്ടും ജനായത്തപരമായി മല്‍സരിപ്പിക്കുകയും ചെയ്യുന്ന സംവിധാനം. ടി പ്രക്രിയക്ക് നൈരന്തര്യവും ശാശ്വതഭാവവും അനിവാര്യമാണ്. അഥവാ ജനാധിപത്യരാഷ്ട്രീയത്തിന്റെ കേവലഘടകവും തിരഞ്ഞെടുപ്പ് എന്ന മര്‍മത്തെ നിയതാര്‍ഥത്തില്‍ വീണ്ടെടുക്കണമെന്ന്! അതിനുള്ള ആര്‍ജവവും ചുണയും ആര്‍ക്കുണ്ടെന്നതാണ് കാലികമായ ചോദ്യം. മുതിര്‍ന്നതും നരച്ചതുമായ ശിരസ്സുകളില്‍ അതുണ്ടാവില്ലെന്നുറപ്പ്. കാരണം, സ്വന്തം തട്ടകങ്ങളും സാമ്രാജ്യങ്ങളും വെല്ലുവിളിക്കപ്പെടാന്‍ അവര്‍ ഇഷ്ടപ്പെടില്ല. അവരെ ചുറ്റിപ്പറ്റി ഭ്രമിക്കുന്ന ഉപഗ്രഹങ്ങളും ഈ പന്തികേടിനു തുനിയില്ല. സ്വാഭാവികമായും നുകം യുവരക്തത്തിനുമേല്‍ വീഴുന്നു. ഓര്‍ക്കുക, കോണ്‍ഗ്രസ്സില്‍ ഒരുള്‍പ്പാര്‍ട്ടി കലാപം ഒടുവിലുണ്ടാകുന്നത് 1960-70 കാലത്താണ്. കേന്ദ്രത്തില്‍ വൃദ്ധഗണത്തിനെതിരേ ഇന്ദിരാഗാന്ധി കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടി തന്നെ പിളര്‍ന്നു. പിന്നീട് ഇന്ദിരയുടെ കഷണം മാത്രമായി കോണ്‍ഗ്രസ്. കേരളത്തിലെ കഥ മോശമാണോ? ആന്റണിയും രവിയും സുധീരനും ചാണ്ടിയുമൊക്കെ സ്വന്തം യൗവനത്തില്‍ സംഘര്‍ഷത്തിലൂടെ പിടിച്ചെടുത്തതാണ് പാര്‍ട്ടിക്കുള്ളിലെ അധികാരസ്ഥലികള്‍. ആരും അവര്‍ക്ക് ദാനംചെയ്തതല്ല. എന്നാല്‍, അന്നത്തെ യുവത കവര്‍ന്നെടുത്ത അധികാരം നാലുപതിറ്റാണ്ടിപ്പുറവും അവര്‍ തന്നെ കുത്തകയാക്കി വച്ചിരിക്കുന്നു. അഥവാ പഴയ യുവത പുതിയ കടല്‍ക്കിഴവന്‍മാരായി പുതിയ യുവതയെ വെല്ലുവിളിക്കുന്നു. ഇവിടെയാണ് ഇന്നത്തെ യുവരക്തത്തിന്റെ ദാരുണമായ സ്ഥിതി. ഈ വൃദ്ധകേന്ദ്രങ്ങളുടെ ഔദാര്യത്തണലിലെ സര്‍വീസ് ഇന്‍ഡസ്ട്രിയായി പണിയെടുക്കുകയാണ് ഇക്കാല കോണ്‍ഗ്രസ് യുവത. പൂച്ചയ്ക്ക് ആരു മണികെട്ടും എന്ന ചോദ്യംപോലുമില്ലാത്ത മര്യാദരാമഗണം. കാലവും ചരിത്രവും ഉയര്‍ത്തുന്ന ചോദ്യം സരളമാണ്. തണ്ടെല്ലും തലയുമുള്ളവരായി ബല്‍റാമുമാരും കുര്യാക്കോസുമാരും ഉയരുമോ? അല്ലാത്തപക്ഷം നാളത്തെ ചാണ്ടികളും ചെന്നിത്തലകളുമായി അവരും പരിണമിക്കും. പക്ഷേ, ഈ പാരമ്പര്യരോഗം തുടരാന്‍ പാര്‍ട്ടി എന്ന ശരീരം അന്ന് ശേഷിച്ചിട്ടുണ്ടാവുമോ എന്നതാണു ചോദ്യം.
Next Story

RELATED STORIES

Share it