malappuram local

കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി പട്ടിക; മുന്‍ ജില്ലാപഞ്ചായത്തംഗത്തിന്റെ സാധ്യത എതിര്‍വിഭാഗം തടഞ്ഞതായി പരാതി

കുറ്റിപ്പുറം: കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളുടെ ലിസ്റ്റ് പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പരാതി പ്രളയം. 35 അംഗങ്ങളുള്‍ക്കൊള്ളുന്ന ജില്ലാ ഭാരവാഹികളുടെ ലിസ്റ്റ് പുറത്തുവന്നെങ്കിലും ഭാരവാഹികളാവാന്‍ തികച്ചും അര്‍ഹതപ്പെട്ട ഒട്ടേറെ നേതാക്കളെ തഴഞ്ഞ നടപടി പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്. മുന്‍ ജില്ലാ പഞ്ചായത്തംഗവും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവുമായ എടപ്പാളിലെ സുരേഷ് പൊല്‍പ്പാക്കര ജില്ലാ ജന. സെക്രട്ടറി സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഒരുവിഭാഗം പ്രവര്‍ത്തകര്‍. ഡിസിസി തീരുമാനിച്ച ഭാരവാഹികളുടെ ലിസ്റ്റില്‍ സുരേഷ് പൊല്‍പ്പാക്കരയുടെ പേരുണ്ടായിരുന്നതുമാണ്. എന്നാല്‍, ലിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ പരിണനയ്ക്ക് അയച്ചപ്പോള്‍ അതില്‍ സുരേഷ് പൊല്‍പ്പാക്കരയുടെ പേരുണ്ടായിരുന്നില്ലെന്നാണ് സുരേഷിന്റെ അനുകൂലികള്‍ പറയുന്നത്.
ജില്ലയിലെ തന്നെ ഒരുവിഭാഗം നേതാക്കള്‍ ഇടപെട്ട് സുരേഷിന്റ പേര് വെട്ടിമാറ്റി പകരം മുന്‍ തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സുരേഷ് വിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍നിന്നു മല്‍സരിച്ച് രണ്ടക്ക വോട്ട് മാത്രം നേടി പരാജയപ്പെട്ട പൊന്നാനിയിലെ നേതാവുള്‍പ്പെടെ ജില്ലാ ജന. സെക്രട്ടറി ലിസ്റ്റില്‍ വന്നിട്ടും അഞ്ചുവര്‍ഷം ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത സുരേഷ് പൊല്‍പ്പാക്കരയെ തഴഞ്ഞ നടപടി ഏറെ പ്രതിഷേധാര്‍ഹമാമെന്ന് ഇക്കൂട്ടര്‍ പറയുന്നു.
അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ് ഭാരവാഹി തിരഞ്ഞെടുപ്പിലുണ്ടായിട്ടുള്ളതെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുന്നു. അടിയന്തരമായി കെപിസിസി പ്രശ്‌നത്തിലിടപെട്ട് വേണ്ട നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ നേതൃത്വത്തിന് കത്തയച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it