കോണ്‍ഗ്രസ് ജാതി നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ട അവസ്ഥയില്‍: ചന്ദ്രശേഖരന്‍

കൊച്ചി: ജാതി നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന നാണംകെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സെന്നും ഇത് തിരുത്തിയാല്‍ മാത്രമേ പാര്‍ട്ടി രക്ഷപ്പെടൂയെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണ്, അത്തരത്തിലുള്ള പാര്‍ട്ടി ജാതിപരമായി ചിന്തിക്കുന്നത് അവസാനിപ്പിക്കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കെപിസിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ചുനോക്കാന്‍ പോലും പല ഡിസിസികളും തയ്യാറായില്ല. അതിന്റെ ഫലമാണ് ഏറ്റുവാങ്ങിയ ദയനീയ തോല്‍വി. വോട്ട് മാത്രം സംഭാവന ചെയ്യുന്ന ഏജന്‍സിയായി ജോലി ചെയ്യാന്‍ ഐഎന്‍ടിയുസി തയ്യാറല്ല. മാന്യമായ പരിഗണന പോലും ഐഎന്‍ടിയുസിക്ക് ലഭിച്ചില്ല. പരിഗണിക്കേണ്ട പലരെയും പരിഗണിക്കാത്തതിനാലാണ് അപമാനകരമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസില്‍ മണ്ഡല തലം മുതല്‍ രഹസ്യ ബാലറ്റിന്റെ അടിസ്ഥാനത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
കേരള രാഷ്ട്രീയം സംശുദ്ധമായ ജനാധിപത്യ, മതേതരത്വ സ്വഭാവത്തിലേക്ക് തിരിച്ചുവരണമെന്ന് ബാര്‍ കോഴ ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ഖത്തറിലെ തൊഴിലാളികള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ ജനീവയില്‍ ചേര്‍ന്ന ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഗവേണിങ് ബോഡി പ്രമേയം പാസാക്കിയതായി ഗവേണിങ് ബോഡി അംഗം കൂടിയായ ചന്ദ്രശേഖരന്‍ പറഞ്ഞു. പീഡനം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന പ്രമേയം 35 വോട്ടുകള്‍ക്കാണ് പാസായത്. തൊഴിലാളി പീഡനങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കുന്നതാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it