Middlepiece

കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വീണ്ടും തലപൊക്കുന്നു

കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വീണ്ടും തലപൊക്കുന്നു
X
slug-madhyamargam



കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ കഴിഞ്ഞ നാലഞ്ചുമാസമായി കാണാനില്ലായിരുന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരടിക്കലും വിഴുപ്പലക്കലും ഇല്ലാതിരുന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഇക്കാലത്തെ ഏക സമാധാനം. സാധാരണഗതിയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പായി ഗ്രൂപ്പുകളും ഗ്രൂപ്പുകളിലെ ഗ്രൂപ്പുകളും സജീവമാവാറുണ്ട്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൊതുവില്‍ യുഡിഎഫിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ക്ഷീണം സംഭവിച്ചെങ്കിലും ഗ്രൂപ്പുകള്‍ തിരിഞ്ഞു പരസ്യമായ കുറ്റപ്പെടുത്തലുകളും വാദവിവാദങ്ങളും ഉണ്ടായില്ല. ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമാണ് ഇതിലൂടെ ചില്ലറ നഷ്ടം ഉണ്ടായത്. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ രഹസ്യമായി ഹൈക്കമാന്‍ഡിനു കത്തെഴുതിയത് അക്കാലത്ത് പരസ്യമായതുമില്ല.
തിരഞ്ഞെടുപ്പിനു ശേഷം കെപിസിസി നേതൃയോഗം വിശദമായ ചര്‍ച്ചകള്‍ നടത്തി. വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതു മുതല്‍ ഒരു ഗുണം പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അതു ചര്‍ച്ചയാണ്. നീണ്ട ചര്‍ച്ചകള്‍. പാര്‍ട്ടി നേതാക്കള്‍ക്ക് ചര്‍ച്ചചെയ്യാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. മാസത്തില്‍ രണ്ടോ മൂന്നോ യോഗങ്ങളും വിളിച്ചുകൂട്ടും.
യുഡിഎഫ് ഗവണ്‍മെന്റിന്റെ ഭരണം മോശമായതുകൊണ്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ന്നതുകൊണ്ടും ഭരണരംഗത്ത് അഴിമതി വര്‍ധിച്ചതുകൊണ്ടും ജനങ്ങള്‍ യുഡിഎഫില്‍നിന്ന് അകന്നുപോവുന്നതായി പല നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍, അവരാരും അതു തുറന്നുപറഞ്ഞില്ല. നല്ല സന്ദര്‍ഭം നോക്കി വെടിപൊട്ടിക്കാന്‍ കാത്തിരിക്കുകയായിരുന്നത്രെ. ഒരു മുന്നാക്കസമുദായക്കാരന്റെ നേതൃത്വത്തിലേ ഇനി ഭരണം പിടിച്ചെടുക്കാന്‍ പറ്റുകയുള്ളൂ എന്നുവരെ ചില നേതാക്കള്‍ കണക്കുകൂട്ടിവച്ചിരുന്നു.

പുറമേയ്ക്കു പറയാന്‍ നല്ല സമയം കാത്തിരിക്കുന്നതിനിടയിലാണ് സോളാര്‍ കമ്മീഷനില്‍ ബിജുരാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉയര്‍ത്തിയത്. പിന്നീട് മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും വന്നുചേര്‍ന്നു. പൊട്ടിത്തെറിക്കാന്‍ തയ്യാറെടുത്ത ഗ്രൂപ്പുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്നില്‍ അണിനിരന്നു. ബിജുരാധാകൃഷ്ണനും സിഡി വിവാദവും കെട്ടടങ്ങിയപ്പോള്‍ തലപൊക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ അണിയറനീക്കങ്ങള്‍ ആരംഭിച്ചു. അപ്പോഴാണ് പ്രതിമാ വിവാദം. മുഖ്യമന്ത്രിയെ അപമാനിച്ചാല്‍ ആണത്തമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ക്ക് നോക്കിയിരിക്കാന്‍ കഴിയുമോ? തല്‍ക്കാലം ഗ്രൂപ്പുകള്‍ മറന്ന് പ്രതിമാ കാര്യത്തിലും അവരൊക്കെ മുഖ്യമന്ത്രിയോടൊപ്പം അണിനിരന്നു.
രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനയച്ച കത്തിന്റെ പുറത്താണ് ഇപ്പോഴത്തെ പടയൊരുക്കം. കത്തിലെ ഉള്ളടക്കം ഉഗ്രമായതുകൊണ്ടാവാം ഹൈക്കമാന്‍ഡ് ഉടനെ ഇടപെട്ടത്. വി എസ് അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്ക് അയക്കുന്നതുപോലെ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയക്കുന്ന കാര്യം മുമ്പ് കേട്ടിരുന്നില്ല. കത്ത് ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് മൂന്നു നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. മൂന്ന് ഗ്രൂപ്പുകളുടെ നേതാക്കന്‍മാരാണ് അവര്‍. കത്തിന്റെ ഉള്ളടക്കമോ ഭരണകാര്യങ്ങളോ നേതൃമാറ്റമോ ഇവര്‍ ചര്‍ച്ചചെയ്യാനിടയില്ല. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ഗ്രൂപ്പിനും വേണ്ട സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഡല്‍ഹിയില്‍ തുടക്കം കുറിക്കുകയാണ്. സീറ്റും അധികാരവും കിട്ടുക തന്നെയാണ് ഗ്രൂപ്പിന്റെ ലക്ഷ്യവും. ഹൈക്കമാന്‍ഡിന് അതു നല്ലതുപോലെ അറിയാം.

$

Next Story

RELATED STORIES

Share it