കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കും

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. മുന്നണി വിട്ടുപോയവരുടെ സീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ഘടക കക്ഷികള്‍ അധിക സീറ്റ് ചോദിക്കുന്നത്. ജയിച്ച സീറ്റുകള്‍ അതാത് കക്ഷികള്‍ക്ക് തന്നെയെന്ന പൊതുധാരണയാണ് യുഡിഎഫിലുള്ളത്. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളൊന്നും ഘടക കക്ഷികള്‍ ചോദിച്ചിട്ടില്ലെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി മാറുന്നവരോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടും. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ കാലുമാറുന്നത് നല്ല നടപടിയല്ല. വലിയ പ്രശ്‌നങ്ങളില്ലാതെ സീറ്റ് വിഭജനം രമ്യമായി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ രണ്ടാംഘട്ട സീറ്റ്‌വിഭജന ചര്‍ച്ചകള്‍ 10ന് ആരംഭിക്കും. അന്നു രാവിലെ ഒമ്പതിന് യുഡിഎഫ് യോഗം ചേരും. 11.30ന് രാജ്യസഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നോമിനേഷന്‍ സമര്‍പ്പിക്കും. തുടര്‍ന്ന് സീറ്റുവിഭജനത്തില്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ തുടരും. സീറ്റുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയായി.
കേരളാ കോണ്‍ഗ്രസ് (ജേക്കബ്), ആര്‍എസ്പി, സിഎംപി-സി പി ജോണ്‍ എന്നിവരുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തി. മുസ്‌ലിം ലീഗ് മുമ്പുള്ളതുപോലെ 24 സീറ്റുകള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഇതില്‍ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി. നാലു സീറ്റുകള്‍ വച്ചുമാറാന്‍ തയ്യാറാണെന്ന് അറിയിച്ചതിനാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മറ്റു ഘടക കക്ഷികളെല്ലാം കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ള പരിമിതികളും ബുദ്ധിമുട്ടുകളും ഘടകകക്ഷികളെ അറിയിച്ചിട്ടുണ്ടെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ വിപുലമായ ജില്ലാ കണ്‍വന്‍ഷനുകള്‍ നടന്നുവരുകയാണ്. ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന ആത്മവിശ്വാസമാണ് കണ്‍വന്‍ഷനുകളില്‍നിന്നും ലഭിക്കുന്നത്. എല്‍ഡിഎഫിന്റെ അക്രമ രാഷ്ട്രീയത്തോടും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോടും ജനങ്ങള്‍ക്ക് താല്‍പര്യമില്ല. യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തോടാണ് താല്‍പര്യം.
മേഖലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്നു സ്ഥലങ്ങളില്‍ പ്രമുഖ നേതാക്കളെ അണിനിരത്തി വിപുലമായ പൊതുയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it