Middlepiece

കോണ്‍ഗ്രസ് ഇനിയും പഠിക്കാത്ത പാഠങ്ങള്‍

കോണ്‍ഗ്രസ് ഇനിയും പഠിക്കാത്ത പാഠങ്ങള്‍
X
slug-indraprasthamകോണ്‍ഗ്രസ്സിനു വയസ്സായി. 1885ല്‍ ബ്രിട്ടിഷുകാരനായ ഒരു ഐസിഎസ് ഓഫിസറും നാട്ടിലെ വക്കീലന്മാരും ജന്മിമാരും ബ്രിട്ടിഷ് രാജ്ഞിയുടെ ആശിസ്സുകളോടെ ആരംഭിച്ച പ്രസ്ഥാനമാണത്. പിന്നീട് ഗാന്ധിജിയും നെഹ്‌റുവും ഒക്കെ നേതൃത്വത്തില്‍ വന്നു.
ബ്രിട്ടിഷുകാരോട് താഴ്മയായി അപേക്ഷ നല്‍കി നാട്ടുകാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്ന നിലപാടില്‍ നിന്നു മാറി ഭരണം രാജ്യത്തെ ജനങ്ങളെത്തന്നെ ഏല്‍പിക്കണമെന്ന നിലപാടിലെത്തി. സ്വരാജ് എന്നാണ് ഗാന്ധിജി അതിനു പേരിട്ടുവിളിച്ചത്. അവസാനം ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യവും മുഴക്കി. 1885ലെ നിവേദനപ്രസ്ഥാനം 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് എത്തുമ്പോഴേക്കും അരനൂറ്റാണ്ടിലേറെ കാലം പിന്നിട്ടുകഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യം കിട്ടിയ ശേഷം ദീര്‍ഘകാലം കോണ്‍ഗ്രസ് നാടു ഭരിച്ചു. സ്വരാജ് എന്നാല്‍ നാട്ടുകാരുടെ ഭരണം എന്നാണ് ഗാന്ധിജി ഉദ്ദേശിച്ചതെങ്കിലും നെഹ്‌റുവും കൂട്ടരും അതു കോണ്‍ഗ്രസ് ഭരണം എന്നാണ് കണക്കിലെടുത്തത്. കോണ്‍ഗ്രസ് അല്ലാതെ വേറെ അധികം പേരൊന്നും അന്നു നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നത് വാസ്തവം. കാര്യമായി ഉണ്ടായിരുന്നത് മുസ്‌ലിംലീഗായിരുന്നു. ജിന്നയും സംഘവും കിഴക്കും പടിഞ്ഞാറും രണ്ടു കഷണം ഭൂമി പതിച്ചുവാങ്ങി സ്ഥലം കാലിയാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിനു വലിയ സഹായമായി. ഉപദ്രവം ഒഴിഞ്ഞുകിട്ടി. ഇന്ത്യാ മഹാരാജ്യം തങ്ങളുടെ ഹിതം പോലെ ഭരിക്കാന്‍ സൗകര്യവും ഒത്തുകിട്ടി.
നെഹ്‌റുവിനു ശേഷം മൂന്നു തലമുറ ഗാന്ധികുടുംബം നാടു ഭരിച്ചു. ഇപ്പോള്‍ രാഹുല്‍ജിയുടെ നാലാം തലമുറയാണ്. ഏതാണ്ട് ഏഴു പതിറ്റാണ്ടു കാലം അങ്ങനെ കുടുംബഭരണവും ഇടയ്‌ക്കൊക്കെ പ്രതിപക്ഷഭരണവുമായി നാട് മുന്നേറുന്നു. ഇപ്പോഴും നാട്ടുകാര്‍ക്കു ഭരണത്തില്‍ എന്തു പങ്കാളിത്തമെന്നു ചോദിച്ചാല്‍ അതിനു കാര്യമായ ഉത്തരമൊന്നുമില്ല. സ്വരാജ് എന്ന ഗാന്ധിജിയുടെ ആശയം വലിയൊരു ശവപ്പെട്ടിയില്‍ ഇറക്കി ആണിയടിച്ചു ഭരണാധികാരികള്‍ ഗംഗയിലൊഴുക്കി.
ഇത്രയും കാലത്തെ ഭരണത്തിനു ശേഷവും പാര്‍ട്ടി സമം ജനം, കോണ്‍ഗ്രസ് സമം നെഹ്‌റു കുടുംബം എന്ന സമവാക്യത്തില്‍ നിന്നു കോണ്‍ഗ്രസ്സോ ജനമോ രക്ഷ നേടിയിട്ടില്ല. കോണ്‍ഗ്രസ്സിനകത്തു വേറെയൊരു നേതൃത്വം ഉയര്‍ന്നുവരുന്ന പ്രശ്‌നവുമില്ല. ശരദ് പവാര്‍ ശക്തനായ മറാത്താ നേതാവായിരുന്നു. രാജീവ് ഗാന്ധിയുടെ കാലശേഷം പവാറിനെ തട്ടി നരസിംഹറാവുവിനെ വാഴിച്ചത് കുടുംബതാല്‍പര്യങ്ങള്‍ മൂലം മാത്രമായിരുന്നുവെന്ന് പവാര്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞു. റാവുവും വൈകാതെ അനഭിമതനായി. അങ്ങേര് മരിച്ചപ്പോള്‍ ശവം പോലും എഐസിസി ആസ്ഥാനത്ത് അധികസമയം വയ്ക്കാതെ നേരെ ഹൈദരാബാദിലേക്ക് കൊണ്ടുപോവാന്‍ ഉത്തരവിടുകയായിരുന്നു ഹൈക്കമാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന പത്താം നമ്പര്‍ ജനപഥിലെ രാജകുടുംബം.
ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്താണ്. പോക്കു കണ്ടിട്ട് അങ്ങനെ എളുപ്പത്തിലൊന്നും കോണ്‍ഗ്രസ് തിരിച്ചുവരുന്ന ലക്ഷണവുമില്ല. ബിഹാറില്‍ ബിജെപിയെ പ്രതിപക്ഷ ശക്തികള്‍ തോല്‍പിച്ചത് ശരി. പക്ഷേ, അതില്‍ കോണ്‍ഗ്രസ്സിനു കാര്യമായ റോളൊന്നുമില്ല. ലാലുവും നിതീഷും ചേര്‍ന്നു കാവിപ്പടയുടെ അടിത്തറ തകര്‍ത്തപ്പോള്‍ ആ തരംഗത്തില്‍ സീറ്റുകളുടെ എണ്ണം അല്‍പം വര്‍ധിച്ചെങ്കിലും ബിഹാറിലോ ഉത്തരേന്ത്യയിലെ കൗബെല്‍റ്റിലോ പാര്‍ട്ടി ഇന്നു വലിയൊരു രാഷ്ട്രീയസാന്നിധ്യമല്ല.
തെക്കന്‍ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ബിജെപി പോയി കോണ്‍ഗ്രസ് വന്ന കര്‍ണാടകയില്‍ കാവിഭരണത്തിന്റെ രീതികള്‍ കടുകിട തെറ്റാതെ അനുവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ഭരണവും. കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതുതന്നെയാണ് കണ്ടത്. കാവിപ്പടയും വെള്ളാപ്പള്ളിയും ഒത്തുപിടിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കാശിക്കു പോയി. അതോടെ കാവിവിരുദ്ധ വോട്ടെല്ലാം കമ്മ്യൂണിസ്റ്റ് പെട്ടിയില്‍ ചെന്നുവീണു.
ദേശീയതലത്തിലും കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ യാഥാര്‍ഥ്യബോധമില്ലാത്ത പ്രവര്‍ത്തനമാണെന്ന് ഈയാഴ്ചത്തെ പാര്‍ലമെന്റ് കാണിക്കുന്നു. നാലഞ്ചു ദിവസം കൊടും ബഹളം. എന്തിനെന്നു ചോദിച്ചാല്‍ നാട്ടുകാരുടെ വിഷയമൊന്നുമല്ല. നാഷനല്‍ ഹെറാള്‍ഡ് പത്രത്തിനു വേണ്ടി പിരിച്ച പണം ആരോ മുക്കിയതാണ് യഥാര്‍ഥ വിഷയം. ഇപ്പോള്‍ കോടതി പത്രമുടമകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നു. സോണിയയും കുടുംബവുമാണ് ഉടമകള്‍. സാമ്പത്തിക ക്രമക്കേടിനു കോടതി നടപടിയെടുത്താല്‍ അതിനു പാര്‍ലമെന്റ് സ്തംഭനം കൊണ്ടു പരിഹാരമാവുമോ? കോടതി വേറെ, പാര്‍ലമെന്റ് വേറെ എന്നതല്ലേ രാജ്യത്തെ ഭരണഘടനാ തത്ത്വം?
തത്ത്വം വേറെ, പ്രയോഗം വേറെ എന്നത് നാട്ടുനടപ്പും. അതിനാല്‍, തട്ടിപ്പുകേസില്‍ പെട്ടാലും രാഷ്ട്രീയശക്തി ഉപയോഗിച്ചു തടിയൂരാം എന്നത് പരമ്പരാഗതമായി അംഗീകൃതമായ തത്ത്വം. കോണ്‍ഗ്രസ് പുതിയൊരു പാഠവും പഠിച്ചിട്ടില്ല, പണ്ട് പഠിച്ചതൊന്നും മറന്നതുമില്ല എന്നു വ്യക്തം. $
Next Story

RELATED STORIES

Share it