കോണ്‍ഗ്രസ് അംഗം കൂറുമാറി; ഗാന്ധിനഗര്‍ നഗരസഭ ഭരണം ബിജെപിക്ക്

അഹ്മദാബാദ്: കോണ്‍ഗ്രസ് അംഗം കൂറുമാറിയതോടെ ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഭരണം ബിജെപിയുടെ കൈപ്പിടിയിലായി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രവീണ്‍ പട്ടേലാണ് ജനറല്‍ബോഡി യോഗത്തിന് തൊട്ടുമുമ്പു കൂറുമാറിയത്. കൂറുമാറ്റത്തിനു പ്രതിഫലമായി ബിജെപി പട്ടേലിന് മേയര്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.
നഗരസഭയിലേക്കു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും 16 സീറ്റുകള്‍ വീതമാണു ലഭിച്ചത്. സീറ്റുകള്‍ തുല്യമായതിനാല്‍ ഇന്നലെ ജനറല്‍ബോഡി യോഗത്തില്‍ ഭരണം സംബന്ധിച്ച് നറുക്കിടാനായിരുന്നു പദ്ധതി. ഇതിനിടെയാണ് കോണ്‍ഗ്രസ് അംഗം കൂറുമാറിയത്. ഇതോടെ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ 15 ആയി കുറഞ്ഞു. പട്ടേല്‍ ബിജെപി പക്ഷത്തു ചേര്‍ന്നതിനാല്‍ ഭരണം തങ്ങള്‍ക്കാണെന്ന് ജനറല്‍ബോഡി യോഗത്തിനു മുമ്പ് അറിയിച്ചത് ബിജെപി ജനറല്‍ സെക്രട്ടറി കെ സി പട്ടേലാണ്. ജനറല്‍ബോഡി യോഗത്തില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നു.
കൂറുമാറ്റം മൂലം ഗാന്ധിനഗര്‍ നഗരസഭയുടെ ഭരണം കോണ്‍ഗ്രസ്സിനു നഷ്ടമാവുന്നത് ഇത് രണ്ടാം തവണയാണ്. 2011ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 18 സീറ്റോടെ അധികാരത്തിലെത്തി. 15 സീറ്റായിരുന്നു ബിജെപിക്കു കിട്ടിയത്. എന്നാല്‍, അടുത്തവര്‍ഷം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ കൂറുമാറ്റി ബിജെപി ഭരണം പിടിച്ചു. അന്ന് മേയര്‍ അടക്കമുള്ളവരായിരുന്നു കൂറുമാറിയത്.
Next Story

RELATED STORIES

Share it